22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ചെന്നിത്തലയുടെ പുറത്താകൽ; അസ്വാരസ്യം കനത്തു

ആർ ഗോപകുമാർ
കൊച്ചി
August 22, 2023 10:00 am

സംസ്ഥാനത്തെ മുതിർന്ന നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയെ അഖിലേന്ത്യാ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അമര്‍ഷം കെപിസിസിയില്‍ അസ്വാരസ്യം രൂക്ഷമാക്കി. ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ എ ഗ്രൂപ്പിനെ ഏറ്റെടുക്കാനാണ് ശശി തരൂർ രംഗത്തുവരുന്നതെന്ന പ്രചാരണം ശക്തമായതോടെ ഐ ഗ്രൂപ്പിനെ പൊടിതട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കും ആക്കം കൂടി. തന്നെ ഒഴിവാക്കിയതിനെതിരെ ചെന്നിത്തല പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയും ചെയ്തതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പായി. പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ള മുഖ്യ അജണ്ടയെന്നും മറ്റു വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കാമെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ചാണ്ടി ഉമ്മന് ചരിത്ര വിജയം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം.

മറ്റ് കാര്യങ്ങള്‍ അതുകഴിഞ്ഞ് പറയാം എന്നദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രവർത്തക സമിതി പുനഃസംഘടനയിൽ ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. അഭിപ്രായ വ്യത്യാസം രമേശ് ചെന്നിത്തല ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് അർഹമായ തസ്തിക കിട്ടിയെന്ന് പറയാനാകില്ലെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട ചെന്നിത്തല, പ്രവർത്തക സമിതിയിൽക്കൂടി സ്ഥാനം നഷ്ടമായതോടെ കൂടുതൽ ഒറ്റപ്പെടുകയാണ്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയായിരുന്നു. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

തരൂരിനെക്കാൾ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള നേതാവാണ് ചെന്നിത്തല. സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്ന ആന്റണിയെ നിലനിർത്തുകയും ജൂനിയറായ തരൂരിനെ ഉൾപ്പെടുത്തുകയും ചെയ്തപ്പോഴാണ് 19 വർഷം മുമ്പ് പ്രവർത്തകസമിതി ക്ഷണിതാവായ ചെന്നിത്തലയെ തഴഞ്ഞത്. രണ്ട് മുതിർന്ന നേതാക്കളാണ് ഇതിന് ചരടുവലി നടത്തിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭ്യൂഹം.
കൊടിക്കുന്നില്‍ സുരേഷും സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കാലുമാറിയെത്തിയ കനയ്യകുമാറിന് പദവി കൊടുത്തപ്പോൾ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കൊടിക്കുന്നിലിനെ ഒതുക്കിയതിലും ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്. കേരളത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്ന പേരുകളൊന്നും പട്ടികയിലില്ല എന്നതും സംസ്ഥാനത്തെ ഗ്രൂപ്പുകള്‍ക്കേറ്റ പ്രഹരമായി.

വികസനകാര്യത്തിലും രാഷ്ട്രീയത്തിലുമടക്കം കേരളത്തിലെ കോൺഗ്രസ് നിലപാടുകളോട് ചേർന്ന് നിൽക്കുന്നതല്ല പലപ്പോഴും തരൂരിന്റെ സമീപനം. സിൽവർ ലൈൻ വിഷയത്തിലും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിലും വിഴിഞ്ഞം തുറമുഖത്തിലും ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിയുടെ ചെങ്കോൽ വിവാദത്തിലുമെല്ലാം വ്യത്യസ്ത അഭിപ്രായമായിരുന്നു തരൂരിന്. ഏകീകൃത സിവിൽ കോഡിനെതിരെ കോൺഗ്രസ് കടുത്ത വിയോജിപ്പുയർത്തിയപ്പോഴും വേറിട്ടതായിരുന്നു തരൂർ ലൈൻ. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന് നേതാവില്ലാ അവസ്ഥയുണ്ട്. ഉമ്മൻ ചാണ്ടിക്ക് പകരമാണ് പ്രവർത്തക സമിതിയിൽ തരൂർ എത്തുന്നതെന്ന വിലയിരുത്തലുമുണ്ട്. ഇത് ഐ ഗ്രൂപ്പിനെ ഇല്ലാതാക്കാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു.

Eng­lish Sum­ma­ry: The dis­com­fort of Chen­nitha­la’s exit was heavy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.