ഒരു വർഷത്തിനകം കിടപ്പിലാകുമെന്ന് ഡോക്ടർ പറഞ്ഞിട്ടും ഷഹനാസ് തളർന്നില്ല. ഇപ്പോൾ ഷഹനാസിന്റെ കയ്യിൽ തിളങ്ങുന്നത് കഴിഞ്ഞ ദിവസം ചണ്ഡീഗഢിൽ നിന്ന് ഓടി നേടിയ സ്വർണത്തിന്റെയും വെങ്കലത്തിന്റെയും മെഡലുകൾ. വിട്ടുമാറാത്ത നടുവേദനയും തലവേദനയും കാരണം ആറ് മാസം മുമ്പാണ് ചേനപ്പാടി പനച്ചേകുന്നേൽ ഷഹനാസ് സുലൈമാൻ ഡോക്ടറെ കണ്ടത്. വിവിധ പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞു. ‘ഇങ്ങനെ പോയാൽ ഒരു വർഷത്തിനകം തളർന്ന് കിടപ്പിലാകും’. ആദ്യം വല്ലാത്ത വിഷമം തോന്നിയെങ്കിലും ആശുപത്രി വിട്ടിറങ്ങുമ്പോൾ പൊരുതി ജീവിക്കാനുള്ള വാശിയായിരുന്നു.
അധികം താമസിയാതെ ചണ്ഡീഢിൽ ദേശീയ സിവിൽ സർവീസ് കായിക മേള. ചേനപ്പാടിയിൽ നിന്ന് ബസിലും ട്രെയിനിലുമായി ദിവസങ്ങൾ നീണ്ട യാത്ര. ചണ്ഡീഗഢിലെത്തുമ്പോൾ നടുവേദന സഹിക്കാനാകാത്ത നിലയിൽ. ഒപ്പം നോമ്പിന്റെ ക്ഷീണവും ചൂടും. മത്സരത്തിൽ ഊഴമെത്തുമ്പോൾ നിഴൽ പോലെ വേദന മുറുകുകയായിരുന്നു. മത്സരം തുടങ്ങി, ഒരു വർഷത്തിനകം കിടന്നുപോകുമെന്ന ഡോക്ടറുടെ വാക്ക് മനസിൽ മുഴങ്ങി, ഒപ്പം എന്നും താങ്ങായിരുന്ന പിതാവിന്റെ മുഖവും. അതോടെ വാശിയുടെ വീറ് നിറഞ്ഞു. എല്ലാവരെയും പിന്തള്ളി ഒന്നാമതെത്തി 400 മീറ്ററില്‍ സ്വർണം നേടി. 200 മീറ്ററിൽ വെങ്കലം കൂടി നേടിയാണ് വീട്ടിലേക്ക് മടങ്ങിയത്.
ഒരു കാലത്ത് പത്രങ്ങളുടെ കായികം പേജുകളിൽ നിറഞ്ഞു നിന്ന പേരായിരുന്നു ഷഹനാസ് സുലൈമാൻ. ചെറു പ്രായം മുതലേ ട്രിപ്പിൾ ജംപിൽ മികച്ച വിജയങ്ങൾ. പ്ലസ്ടു വരെ സ്കൂളിലും സംസ്ഥാന കായിക മേളകളിലും വിജയ നേട്ടങ്ങള്‍. സ്പോർട്സിൽ തിളങ്ങുന്നവർ പഠനത്തിൽ പിന്നിലാകുമെന്നുള്ള ധാരണ തിരുത്തിക്കുറിച്ച് എസ്എസ്എൽസി യിൽ മുണ്ടക്കയം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി. 600 ൽ 532 മാർക്ക്. പ്ലസ്ടുവിലും മികച്ച വിജയം. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ നിന്ന് ഡിഗ്രിയും പിജിയും കഴിയുമ്പോൾ റെക്കോഡുകള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി, ഇന്റർ യൂണിവേഴ്സിറ്റി, ദേശീയ മത്സരങ്ങളിലെല്ലാം വിജയം. കോളജ് പഠനത്തിനിടെ ബാസ്കറ് ബോൾ കളിക്കുമ്പോൾ കോർട്ടിൽ തെന്നി വീണതാണ് കടുത്ത നടുവേദനയിലേക്കും വിട്ടുമാറാത്ത തലവേദനയിലേക്കും എത്തിയതെന്ന് ഷഹനാസ് പറഞ്ഞു.
ഇതിനിടെ ടിടിആർ ജോലി വാഗ്ദാനത്തോടെ ഈസ്റ്റൺ റെയിൽവേ ടീമിൽ ക്ഷണം ലഭിച്ചു. പക്ഷേ, വേദന പ്രശ്നമായി. ഈ സമയത്താണ് എൽഡി ക്ലാർക്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇതോടെ റെയിൽവേ ജോലി വേണ്ടെന്ന് വച്ചു. ചങ്ങനാശേരി താലൂക്ക് ഓഫിസിലും എരുമേലി തെക്ക് വില്ലേജ് ഓഫിസിലും ജോലി ചെയ്തു. ഇപ്പോൾ പാലാ റവന്യൂ റിക്കവറി ഓഫിസിലാണ് ജോലി. അമ്മ ഖദീജ റിട്ട. അധ്യാപിക. ഭർത്താവ് ബുനൈസ് കൊല്ലം പിഎസ്‌സി ഓഫിസിൽ ജോലി ചെയ്യുന്നു. വിദ്യാർത്ഥികളായ മൻഹാ, മുഹമ്മദ് റംസാൻ, മർവാ എന്നിവരാണ് മക്കള്‍.
English Summary: The doctor says that she will be in bed; Shahnaz won the national medal without
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.