
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രീയ നടത്തി ഡോക്ടർമാർ. കാർത്തികപ്പള്ളി പുത്തൻ മണ്ണേൽ രണദേവ് (66) നാണ് അത്യപൂർവ്വ ശസ്ത്രക്രീയയിലൂടെ പുതുജീവതത്തിലേക്ക് തിരികെയെത്തിയത്. പത്ത് മണിക്കൂർ നീണ്ടുനിന്നതും, ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രീയയേക്കാൾ അതീവ സങ്കീർണ്ണമായതുമായ ഈ ശസ്ത്രക്രീയക്ക്, സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ 3 ലക്ഷം മാത്രമാണ് ചെലവു വന്നത്.
ശബ്ദ വ്യത്യാസത്തെ തുടർന്നാണ് രണദേവ് ഇ എൻ ടി ഓ പി യിലെത്തിയത്. വിശദ പരിശോധനയുടെ ഭാഗമായി നെഞ്ചിൻ്റെ സി ടി സ്കാനിൽ ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം വഹിച്ചു ശരീരഭാഗങ്ങളിലേക്ക് എത്തിക്കുന്ന മഹാധമനിയിൽ നിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്ത് വീക്കം (അയോർട്ടിക് ആർച്ച് അന്യൂറിസം) കണ്ടെത്തി. ഈ വീക്കം ഏതു നിമിഷവും പൊട്ടാവുന്നതും ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന ഈ രോഗവാസ്ഥ കണ്ടെത്തിയ ഡോക്ടർമാർ, രണദേവിനെ സൂപ്പർ സ്പെഷ്യാലിറ്റിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക് മെയ് 12 ന് മാറ്റി. തുടർന്ന് ജൂൺ 30 ന് അതീവ സങ്കീർണ്ണമായ ശസ്ത്രക്രീയ നടത്തി. ഇതിനാവശ്യമായ വിലയേറിയ ഉപകരണങ്ങൾ സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിൽ ഉൾപ്പെടുത്തിയപ്പോൾ, സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രീയ, രോഗിയിൽ നിന്ന് 3 ലക്ഷം രൂപ മാത്രം ചെലവിൽ ഒതുക്കാനുമായി.
മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തെ ശസ്ത്രക്രിയായതിനാൽ,ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായി നിർത്തി, ഹാർട്ട് ലങ് മെഷീൻ്റെ സഹായത്താൽ തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ശരീര ഊഷ്മാവ് കുറച്ച്, നിയന്ത്രിതമായ രീതിയിൽ തടസ്സമില്ലാതെ രക്തചംക്രമണ സാധ്യമാക്കുക എന്നതായിരുന്നു ഈ ശസ്ത്രക്രിയയിൽ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. നാല് മണിക്കൂറോളം ഇതെല്ലാം കൃത്യമായ രീതിയിൽ ഹാർട്ട് ലങ് മെഷിൻ്റെ സഹായത്താൽ സാധ്യമാക്കി. തുടർന്ന് വീക്കം വന്ന ഭാഗം നീക്കം ചെയ്ത് ക്രിത്രിമ രക്തധമനി വച്ചു പിടിപ്പിക്കുകയായിരുന്നു. ഇത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രീയയേക്കാൾ ദുഷ്കരമായിരുന്നു എന്ന് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രീയയെ തുടർന്ന് 48 മണിക്കൂർ വെൻ്റിലേറ്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ (സിടിവിഎസ് ഐ സി യു) വിൽ കഴിഞ്ഞ രോഗിയെ പൂർണബോധം തിരിച്ചു കിട്ടിയ ശേഷം വെൻ്റിലേറ്ററിൽ നിന്നു മാറ്റി 5 ദിവസം നീണ്ട തീവ്ര പരിചരണത്തിനു ശേഷം രണദേവ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
ഹൃദയ ശസ്ത്രക്രീയാ വിഭാഗം മേധാവി ഡോ. വി സുരേഷ് കുമാർ, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കെ ടി ബിജു, ഡോ. ആനന്ദക്കുട്ടൻ, അസിസ്റ്റൻ്റ് പ്രൊഫ. ഡോ. കൊച്ചു കൃഷ്ണൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. വീണ, ആശുപത്രി സൂപ്രണ്ടും അസോസിയേഷൻ പ്രൊഫസറുമായ ഡോ. എ ഹരികുമാർ, അസിസ്റ്റൻ്റ് പ്രൊഫ. ഡോ. ബിട്ടു, ജൂനിയർ റസിഡൻ്റുമാരായ ഡോ. അനാമിക, ഡോ. ചോംങ്, പെർഫ്യൂഷനിസ്റ്റുമാരായ പി കെ ബിജു, അൻസുമാത്യു, സീനിയർ നേഴ്സിങ് ഓഫീസർ രാജിമോൾ, നേഴ്സിങ് ഓഫീസർമാരായ സരിത വർഗീസ്, രാജലക്ഷ്മി, അർച്ചന, ഉബീന, ഹാഷിദ്,അനസ്തേഷ്യ ടെക്നിഷ്യൻ ശ്രീജിത്ത്, നേഴ്സിങ് അസിസ്റ്റൻ്റുമാരായ സുധർമ്മ, സീന, വിനോദ് എന്നിവർ ശസ്ത്രക്രീയയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.