14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026

കഴിഞ്ഞ വര്‍ഷം ബിജെപിക്ക് കിട്ടിയ സംഭാവന 3,157.6 കോടി

പാർട്ടികൾക്ക് ആകെ ലഭിച്ചതിന്റെ 82% 
Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2026 8:56 pm

2024–25 സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്ത 3,826.3 കോടിയുടെ 82% ബിജെപിക്കാണ് ലഭിച്ചതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ആകെ 3,826.3 കോടി വിതരണം ചെയ്തതില്‍ 3,157.6 കോടിയും ബിജെപിക്ക് ലഭിച്ചു. അതേസമയം സിപിഐ അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ക്ക് ഈ ഫണ്ട് ലഭിച്ചിട്ടില്ല.
കോൺഗ്രസിന് 298.7 കോടി (7.8%) കിട്ടിയപ്പോള്‍ തൃണമൂൽ കോൺഗ്രസിന് 102 കോടി (2.6%)യും മറ്റ് 19 പാർട്ടികൾക്ക് ആകെ 267.9 കോടിയും ലഭിച്ചു. പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് 15 രാഷ്ട്രീയ പാർട്ടികൾക്കായിഏറ്റവും കൂടുതൽ തുക വിതരണം ചെയ്തു (2,668.4 കോടി). തൊട്ടുപിന്നാലെ പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 10 പാർട്ടികൾക്ക് 914.9 കോടി നല്‍കി. 228 കോർപറേറ്റ് അല്ലെങ്കിൽ ബിസിനസ് സ്ഥാപനങ്ങൾ 3,636.8 കോടി സംഭാവന ചെയ്തപ്പോൾ 99 വ്യക്തികള്‍ 187.6 കോടി സംഭാവന നൽകിയതായി അസോസിയേഷൻ അറിയിച്ചു. മികച്ച 10 ദാതാക്കൾ ചേർന്ന് 1,908.8 കോടി സംഭാവന ചെയ്തു, ഏകദേശം 49.8%.
എലിവേറ്റഡ് അവന്യൂ റിയാലിറ്റി എൽഎൽപി ആണ് ഏറ്റവും വലിയ സ്ഥാപന ദാതാവ്, 500 കോടി നൽകി. തൊട്ടുപിന്നാലെ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് 308.1 കോടിയും ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് 217.6 കോടിയും കൊടുത്തു. സംസ്ഥാന തലത്തിൽ, ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയത് മഹാരാഷ്ട്രയാണ്, 1,225.4 കോടി. തൊട്ടുപിന്നാലെ തെലങ്കാന 358.2 കോടിയും ഹരിയാന 212.9 കോടിയും പശ്ചിമ ബംഗാൾ 203.8 കോടിയും ഗുജറാത്ത് 200.5 കോടിയും നൽകി.
മോഡി സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി അത് റദ്ദാക്കി. ഇത് വിവരാവകാശത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ലംഘിക്കുകയും ദാതാക്കളും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള സഹകരണ ചങ്ങാത്തത്തിന് കാരണമാവുകയും ചെയ്യുമെന്ന് പരാതിയുയര്‍ന്നിരുന്നു. യുപിഎ സര്‍ക്കാര്‍ കാലത്ത് നിലവിലുണ്ടായിരുന്ന ഇലക്ടറൽ ട്രസ്റ്റുകള്‍ റദ്ദ് ചെയ്താണ് മോഡി സര്‍ക്കാര്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. കോടതി അത് റദ്ദാക്കിയതോടെ ഒരിക്കല്‍ അവര്‍ തള്ളിപ്പറഞ്ഞ ഇലക്ടറൽ ട്രസ്റ്റുകള്‍ വഴി സംഭാവന സ്വീകരിക്കാന്‍ തുടങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.