
സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ രാജ്യത്ത് അധികാരത്തിൽ ഉണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിൽ അവിദഗ്ധ കായിക അധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ നൽകുന്നതിനായുള്ള കേന്ദ്ര പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് നിയമം പരിഷ്കരിച്ചതുവഴി ഗ്രാമപ്രദേശങ്ങളിൽ അധിവസിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു സാമ്പത്തിക വർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ധ കായിക തൊഴിൽ ഉറപ്പാക്കുകയും, അതുവഴി നിഷ്കർഷിക്കപ്പെട്ട ഗുണമേന്മയുള്ളതും സ്ഥായിയായതുമായ ഉല്പാദനക്ഷമമായ നിർമ്മാണവും ലക്ഷ്യമിടുന്നുണ്ട്.
മണ്ണ് — ജല സംരക്ഷണ പ്രവൃത്തികൾക്ക് ഊന്നൽ നൽകി കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള ഉപജീവനമാർഗം കണ്ടെത്തുന്നതിനും പരിഷ്കരിച്ച തൊഴിലുറപ്പ് നിയമപ്രകാരം ഉറപ്പ് നല്‍കുന്നു. പ്രകൃതി വിഭവവും പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികൾ, സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കുള്ള വ്യക്തിഗത ആസ്തികൾ (ഖണ്ഡിക അഞ്ചിൽ പരാമർശിക്കുന്ന കുടുംബങ്ങൾക്ക്), ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നിബന്ധനകളനുസരിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ എന്നീ പ്രവൃത്തികൾക്കാണ് മുൻതൂക്കം നൽകിയിട്ടുള്ളത്.
രാജ്യത്തെ 15 കോടിയിലധികം വരുന്ന കുടുംബങ്ങളും കേരളത്തിലെ 26 ലക്ഷം കുടുംബങ്ങളും ഉപജീവനം തേടുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി ബിജെപി സര്‍ക്കാരിനുകീഴിൽ അന്ത്യശ്വാസം വലിക്കുകയാണ്. പദ്ധതിയെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കഴിഞ്ഞ 10 വർഷമായി ബിജെപി സർക്കാർ ഇതിനെ സമീപിക്കുന്നത്. ആധാർ അധിഷ്ഠിത വേതന വിതരണം എന്നതിന്റെ പേരിൽ കോടിക്കണക്കിന് തൊഴിലാളികളെയാണ് പദ്ധതിയിൽ നിന്ന് പുറത്താക്കിയത്. ഒരു കുടുംബത്തിന് 100 ദിവസത്തെ തൊഴിൽ വിഭാവനം ചെയ്യുന്ന പദ്ധതിയിൽ കഴിഞ്ഞ ഏറെ വർഷങ്ങളായി ശരാശരി 50 ദിവസത്തെ തൊഴിൽ പോലും കൊടുക്കാൻ കഴിയുന്നില്ല. 2023 — 24 വർഷത്തിൽ 52 ദിവസത്തെ തൊഴിലാണ് നൽകിയത്. 2024 — 25 വർഷത്തിലാകട്ടെ അത് 50 ദിവസമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം അതിലും കുറയുവാനാണ് സാധ്യത.
2024 — 25 വർഷത്തെ ബജറ്റിൽ 86,000 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവച്ചിരുന്നത്. ആവശ്യകതയാകട്ടെ 1,10,000 കോടിയിൽ അധികമായിരുന്നു. ഏകദേശം 30,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ തൊഴിലാളികൾക്ക് നാല് മാസത്തെ വേതനം നൽകുവാനുണ്ടായിരുന്നു. 2025 — 26 സാമ്പത്തിക വർഷത്തെ ബജറ്റിലും 86,000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. നടപ്പുവർഷത്തെ വേതന വർധന കൂടി പരിഗണിച്ചാൽ 50 ദിവസത്തെ തൊഴിൽ നൽകണമെങ്കിൽപ്പോലും 1,25,000 കോടി രൂപ ആവശ്യമായിരിക്കെയാണ് 86,000 കോടി മാത്രം അനുവദിച്ചത്.
ഇതില്‍ നിന്ന് കഴിഞ്ഞ വർഷത്തെ കുടിശികയായ 30,000 കോടി വിതരണം ചെയ്തു. ബാക്കി 56,000 കോടിയോളം മാത്രമാണ് അവശേഷിക്കുന്നത്. ഈ തുക കൊണ്ട് അഞ്ച് മാസം പോലും തൊഴിൽ നല്‍കുവാൻ കഴിയില്ല. ഒക്ടോബർ മാസം മുതൽ തൊഴിലാളികളുടെ വേതനം കുടിശികയാകും. ഈ കുറവ് പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മാർഗം തേടിയിരിക്കുകയാണ്. തൊഴിലാളികളെ വഞ്ചിക്കുന്ന തരത്തിൽ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുക എന്ന സമീപനമാണ് അവരുടേത്.
11 കോടി തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ട കേരളത്തിന് അഞ്ച് കോടി ദിനങ്ങൾ മാത്രമാണ് തനത് സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ളത്. കേരളം രാജ്യത്തിന് മാതൃകയായ പദ്ധതി പ്രവർത്തനം നടത്തുന്ന സംസ്ഥാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 66 ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകിയും 28% തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ നൽകിയും സംസ്ഥാനം രാജ്യത്തിന് മാതൃകയായി. ദേശീയ ശരാശരി 4.5% ആണ്. മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന ശ്രമം തൊഴിലുറപ്പ് മേഖലയിലും നടത്തുകയാണ്.
കേരളത്തിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളിൽ മഹാഭൂരിപക്ഷവും ഭൂമിവികസന പ്രവർത്തനങ്ങളാണ് എന്നതുകൊണ്ട് ആ പ്രവൃത്തി മേലിൽ എടുക്കുവാൻ പാടില്ല എന്ന നിർദേശം സംസ്ഥാന ഉദ്യോഗസ്ഥർക്ക് നൽകിക്കഴിഞ്ഞു. ഇത് വലിയ നിലയിൽ ബാധിക്കുക തന്നെ ചെയ്യും. കഴിഞ്ഞ സാമ്പത്തിക വർഷം 4,000 കോടി കേരളത്തിന്റെ സാമ്പത്തിക മണ്ഡലത്തിലേക്ക് കൊണ്ടുവന്ന പദ്ധതി ഇത്തവണ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഗ്രാമീണ മേഖലയുടെ നട്ടെല്ലായി മാറുകയും പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയും ഗ്രാമീണ ജനതയ്ക്ക് ജീവിക്കുന്നതിനുള്ള വിശ്വാസം പകരുകയും ചെയ്യുന്ന പദ്ധതിയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
രാജ്യത്തെ പാർശ്വവൽകൃത വിഭാഗം ജനങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള സുപ്രധാന സമിതിയായ സെൻട്രൽ എംപ്ലോയ്മെന്റ് ഗ്യാരന്റി കൗൺസിൽ (സിഇജിസി) അംഗങ്ങളെ നിയമിക്കുന്നതിൽ കേന്ദ്രസർക്കാർ വരുത്തിയ കാലതാമസം മൂലം ഈ സമിതി കൂടുന്നില്ല. തൊഴിലാളി താല്പര്യം, മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടൽ, വേതനം ഉറപ്പുവരുത്തൽ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തേണ്ട സമിതിയാണ് യോഗം പോലും ചേരാത്തത്. പദ്ധതിയോടുള്ള കേന്ദ്രസർക്കാർ സമീപനം ഇതിലൂടെ തന്നെ വ്യക്തമാക്കുന്നുണ്ട്.
പദ്ധതി നടത്തിപ്പിലെ അപാകത, കെടുകാര്യസ്ഥത എന്നിവ ചർച്ച ചെയ്യുന്ന സമിതി രൂപീകരണം അനന്തമായി വൈകിപ്പിച്ച് കേന്ദ്രസർക്കാർ പദ്ധതി പ്രവർത്തനത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്. പിന്നാക്ക — ദളിത് — ആദിവാസി ന്യൂനപക്ഷ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന പദ്ധതിയെ കൊല്ലുന്ന നയങ്ങളാണ് മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം നടപ്പിലാക്കുന്നത്.
ഗ്രാമീണ മേഖലയുടെ സാമ്പത്തിക വികാസത്തിലൂടെ മാത്രമേ രാജ്യത്തിന് മുന്നോട്ടുപോകുവാൻ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയെപ്പറ്റി കേന്ദ്ര ഭരണാധികാരികൾ പലപ്പോഴും പറയാറുള്ളത് ‘ദേശത്തിന് സാമ്പത്തിക ഭാരം’ എന്നാണ്. ശതകോടീശ്വരന്മാരുടെ ലക്ഷക്കണക്കിന് കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളുകയും വൻകിട കോർപറേറ്റുകൾക്ക് അനേകായിരം ഏക്കർ സർക്കാർ ഭൂമി സൗജന്യമായി വിട്ടുകൊടുക്കുകയും ഉദാരമായി ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഭരണകൂടത്തില്‍ നിന്നാണ് ഇത്തരം പ്രസ്താവനകൾ ഉയർന്നുവരുന്നത്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഒരു സാമൂഹിക സുരക്ഷാ പദ്ധതി മാത്രമല്ല ഗ്രാമീണ ജനതയുടെ ജീവനാധാരവും സാമൂഹ്യനീതിയുടെ പ്രതീകവുമാണ്. ഈ പദ്ധതി ശക്തിപ്പെടുത്തുന്നതിലൂടെ മാത്രം ഗ്രാമീണ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സംരക്ഷണവും വികസനവും ഉറപ്പാക്കുവാൻ കഴിയും. അതിനാൽ പദ്ധതിയെ അവഗണിക്കാതെ ആവശ്യമായ ധനസഹായം, സാങ്കേതിക സൗകര്യങ്ങൾ, കാര്യക്ഷമമായ നടപ്പാക്കൽ എന്നിവ ഉറപ്പുവരുത്തേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണ്.
മറ്റ് മേഖലകളിലെന്ന പോലെ കേന്ദ്രം തൊഴിലുറപ്പ് മേഖലയിലും കേരളത്തോട് കടുത്ത അവഗണന കാട്ടിവരികയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചു. ആവശ്യപ്പെട്ട തൊഴിൽദിനങ്ങൾ പകുതിയില്‍ താഴെ മാത്രമായി ചുരുക്കി. 2023 — 24 കാലയളവിൽ 10 കോടി തൊഴിൽ ദിനങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2024 — 25 വർഷത്തിൽ ഇത് ആറ് കോടിയാക്കി കേന്ദ്രം ചുരുക്കി. അതാണിപ്പോള്‍ വീണ്ടും അഞ്ച് കോടിയാക്കി ചുരുക്കിയത്. ലേബർ ബജറ്റ് വർധിപ്പിക്കണമെന്ന കേരള സർക്കാരിന്റെ ന്യായമായ ആവശ്യം പോലും അംഗീകരിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല.
തൊഴിലുറപ്പ് മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങൾ പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും പരിഹാരം കാണാതെ തുടരുകയാണ്. ദിവസവേതനം 700 രൂപയാക്കുക, തൊഴിൽദിനങ്ങൾ 200 ആക്കുക, അശാസ്ത്രീയമായ എന്‍എംഎംഎസ് സമ്പ്രദായം എടുത്തുകളയുക, ജോലി സമയം രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെ ആക്കുക, ലേബർ ബജറ്റ് അഞ്ച് കോടിയിൽ നിന്നും 12 കോടി ആക്കുക എന്നീ ആവശ്യങ്ങൾ ദീർഘകാലമായി നിലനിൽക്കുകയാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും പദ്ധതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ സംസ്ഥാനത്തെ 1,000 കേന്ദ്രങ്ങളിൽ തൊഴിൽ സംരക്ഷണ സംഗമം സംഘടിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.