19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 1, 2024
August 19, 2024
July 7, 2024
July 5, 2024
June 29, 2024
April 12, 2024
April 11, 2024
October 19, 2023
October 5, 2023

സർക്കാർ ഭൂമി അളന്നു തിരിക്കണമെന്ന ആവശ്യം ശക്തം; കല്യാണത്തണ്ടിലെ കയ്യേറ്റങ്ങൾ ആസൂത്രിതം

പി ജെ ജിജിമോൻ
കട്ടപ്പന
September 1, 2024 10:36 am

കല്യാണത്തണ്ടിൽ നടക്കുന്ന ഭൂമി കയ്യേറ്റം ആസൂത്രിതം. പതിറ്റാണ്ടുകളായി കട്ടപ്പന പഞ്ചായത്തിന്റേയും മുനിസിപ്പാലിറ്റിയുടേയും ഭരണം കൈയ്യാളി വരുന്ന യുഡിഎഫും നേതാക്കളും ഇവിടെ നടക്കുന്ന കൈയ്യേറ്റങ്ങൾ കണ്ടില്ലന്നു നടിക്കുന്നത്തിനു പിന്നിൽ വ്യക്തമായ അജണ്ട.
കല്യാണത്തണ്ട് മലമുകളിനോട് ചേർന്നുള്ള നൂറു കണക്കിന് ഹെക്ടർ ഭൂമിയിൽ അവകാശം സ്ഥാപിക്കുവാനുള്ള കുറുക്കുവഴിയായിട്ടാണ് അവർ ചെറിയ തോതിൽ സാധാരണക്കാരുടെ ഭൂമി വാങ്ങി കൂട്ടിയത്. ഇങ്ങനെ ഭൂമി വാങ്ങിയവരിൽ യുഡിഎഫിന്റെ പ്രമുഖ നേതാവടക്കമുണ്ട്. വിഷയത്തെ രാഷ്ട്രീയവത്കരിച്ച് പ്രതിരോധം തീർക്കാനാണ് ഇപ്പോൾ യുഡിഎഫ് ശ്രമിക്കുന്നത്. താഴ്വാരങ്ങളിൽ നിയമപരമായി ഇവർ വാങ്ങിയിട്ടുള്ളതുണ്ട് ഭൂമിക്ക് ഒരുവിധ ടൂറിസം സാദ്ധ്യതയുമില്ല. എന്നാൽ, ഈ ഭൂമിയോട് ചേർന്ന് മുകളിലേക്കുള്ള സർക്കാർ വക ഭൂമികൂടി കൈവശപ്പെടുത്തിയതോടെയാണ് ഭൂമി വമ്പൻ ടൂറിസം സാദ്ധ്യതയുള്ള സ്ഥലമായി മാറിയത്. കല്യാണതണ്ടിലെ സർക്കാർ വക ഭൂമി അളന്നു തിരിച്ച് ജണ്ട സ്ഥാപിക്കുകയോ അതിർത്തി തിരിച്ച് വേലി നിർമ്മിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തം.
നിലവിലുള്ള ഫോറസ്റ്റ് ജണ്ടക്കും നിയമസാധുതയുള്ള ജനവാസമേഖലക്കും ഇടയിലാണ് ഈ പുൽമേടുകൾ. പാറകെട്ടുകളായും തരിശുഭൂമികളായും അടയാളപെടുത്തിയിട്ടുള്ളതാണ് ഇവ. ഇവിടെ കൈയ്യേറ്റങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016 ൽ ആയിരുന്നു, . എന്നാൽ ഇതു സംബന്ധിച്ച തുടർ നടപടികൾ ഉണ്ടായില്ല. 

കല്യാണത്തണ്ടിലെ നിർദ്ദിഷ്ട ടൂറിസം പദ്ധതികളും അവതാളത്തിലായി, യുഡി എഫ് നേതാക്കൾക്കു പുറമേ അവരുടെ ബിനാമികളും ചില വൻകിടക്കാരും ഇവിടെ ഭൂമി വാങ്ങി കൂട്ടിയതായാണ് വിവരം. വിദേശത്തും സ്വദേശത്തുമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇടുക്കി അണകെട്ടിന്റെ ഭാഗമായ കുറത്തി മലയിൽ തുടങ്ങി കട്ടപ്പനയ്ക്കടുത്ത് വരെ 20 കിലോ മീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് കല്യാണതണ്ട് മലനിരകൾ കാൽവരിമൗണ്ട് ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ മലനിരകളിലാണ്. വർഷങ്ങൾക്കുമുമ്പ് തന്നെ നിബിഡവനമായിരുന്ന കല്യാണത്തണ്ടിലെ മരങ്ങൾ മുഴുവൻ മുറിച്ചു കടത്തിയതോടെ ഈ പ്രദേശം മെട്ടകുന്നിനു സമാനമായി. ടൂറിസം വികസന പദ്ധതികൾ പ്രഖ്യാപനത്തിലെതുങ്ങിയെങ്കിലും കൈയ്യേറ്റങ്ങളെ കുറിച്ച് മിണ്ടുവാൻ അധികൃതർ ആരും തയ്യാറായിട്ടില്ല. 

ഇടുക്കി, തേക്കടി, രാമക്കൽമേട്, വാഗമൺ തുടങ്ങി കേന്ദ്രങ്ങളുടെ ഒത്തനടുക്കുള്ള പട്ടണമാണ് കട്ടപ്പന. പട്ടണത്തോടനുബന്ധിച്ചു കിടക്കുന്ന ഉയർന്ന പ്രദേശമായ കല്യാണതണ്ട് ടൂറിസം കേന്ദ്രമായി മാറുമ്പോൾ റിസോർട്ടുകളും ഹോംസ്റ്റേകളും ടൂറിസം പാർക്കുകളും നിർമ്മിച്ച് കോടികൾ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് പലരും സർക്കാർ ഭൂമി പോലും കൈവശപ്പെടുത്തിയിട്ടുള്ളത്. കല്യാണതണ്ട് മലമുകളിൽ കിഴക്കുവശത്തുനിന്നു നോക്കിയാൽ സൂര്യോദയത്തിന്റെയും പടിഞ്ഞാറു ഭാഗത്തുനിന്നു നോക്കി സൂര്യാസ്തമയത്തിന്റേയും മനോഹര ദൃശ്യം കാണാം. വേനൽകാലത്തെ ഇളം കാറ്റും മഴകാലങ്ങളിലെ കോടമഞ്ഞും ആസ്വദിക്കുവാൻ ഇപ്പോഴും നൂറുകണക്കിനു പേരാണ് ഇവിടെ എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.