
കുവൈറ്റിലെ ജനസാന്ദ്രതയേറിയ പ്രവാസി മേഖലകളിൽ, പ്രത്യേകിച്ച് ജലീബ് അൽ ഷുയൂഖ് പോലുള്ള ഇടങ്ങളിൽ പ്രവാസികൾ തന്നെ നടത്തുന്ന നിയമലംഘനങ്ങൾ സാധാരണക്കാരായ പ്രവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. കഴിഞ്ഞ ദിവസം ജലീബിൽ ചില ഏഷ്യൻ സ്വദേശികൾ നടത്തിയ അപകടകരമായ വാഹന അഭ്യാസപ്രകടനങ്ങളും അതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ, ഇത്തരം പ്രവണതകൾ പ്രവാസി സമൂഹത്തിന് മേൽ വരുത്തിവെക്കുന്ന ആഘാതത്തെക്കുറിച്ച് വലിയ ചർച്ചകളാണ് ഉയരുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വിദ്യാർത്ഥികൾ തമ്മിൽ പാതിരാനേരത്തു അടിപിടി യുണ്ടാക്കിയ വീഡിയോ യും പ്രചരിച്ചത്.റോഡുകളിലെ അഭ്യാസപ്രകടനങ്ങൾ, അനധികൃത കച്ചവടങ്ങൾ, മദ്യ‑മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം തുടങ്ങിയവ പ്രവാസി മേഖലകളിൽ വർദ്ധിച്ചു വരുന്നത് സാധാരണക്കാരായ കുടുംബങ്ങളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നവർക്കും പുറത്തിറങ്ങുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം നിയമലംഘനങ്ങൾ ഭീതിയുണ്ടാക്കുന്നു. റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നിരപരാധികളായ പ്രവാസികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങളും കുറവല്ല.
ചുരുക്കം ചിലർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം മുഴുവൻ പ്രവാസി സമൂഹത്തെയും സംശയത്തോടെ നോക്കിക്കാണുന്ന സാഹചര്യം ഉടലെടുക്കുന്നു. ഇത് പലപ്പോഴും കർശനമായ പരിശോധനകൾക്കും, വിസ നിബന്ധനകൾ കടുപ്പിക്കുന്നതിനും കാരണമാകുന്നു. ഒരാൾ ചെയ്യുന്ന തെറ്റിന് ഒരു രാജ്യം മുഴുവൻ അല്ലെങ്കിൽ ഒരു പ്രവാസി സമൂഹം മുഴുവൻ വില നൽകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെയുണ്ടാകുന്നത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിയമലംഘകർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള നിരീക്ഷണം ശക്തമാക്കിയതോടെ, വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് ഉടനടി അറസ്റ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. പിടിയിലാകുന്നവരെ ഉടൻ തന്നെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്കാണ് വിധേയമാക്കുന്നത്. ഈ അടുത്ത് തന്നെ ആണ് ബാങ്ക് ലോൺ തിരിച്ചടവ് സംബദ്ധമായി പ്രവാസികളെ ബാങ്കുകൾ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയതും .നിയമങ്ങളെ ബഹുമാനിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന പ്രവാസികൾക്കും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്. പ്രവാസി സംഘടനകൾ ബോധവൽക്കരണ പരിപാടികളിലൂടെ തങ്ങളുടെ അംഗങ്ങളെ നിയമങ്ങൾ പാലിച്ച് ജീവിക്കാൻ പ്രേരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. “നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ” എന്ന തിരിച്ചറിവ് ഓരോ പ്രവാസിക്കുമുണ്ടായാൽ മാത്രമേ പ്രവാസ ലോകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കൂ. കുവൈറ്റിലെ ഓരോ പ്രവാസിയും മാതാപിതാക്കൾ,വിദ്യാർത്ഥികൾ തുടങ്ങിയ എല്ലാവരും തന്നെ കുവൈറ്റ് നിയമങ്ങൾ പാലിച്ച്, രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിച്ചു ജീവിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണെന്ന് സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.