
യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധത്തെ തുടർന്നുള്ള ആരോപണത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റുകളും തമ്മിൽ തര്‍ക്കം രൂക്ഷം. എപ്സ്റ്റീനുമായി ബന്ധമുള്ള പ്രമുഖരെ കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിൽ മുന്‍ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെയുള്ള പ്രമുഖരുണ്ട്. ഡെമോക്രാറ്റ് നേതാവായിരുന്നു ബിൽ ക്ലിന്റൺ. ട്രംപിനെ പരാമർശിക്കുന്ന എപ്സ്റ്റീന്റെ ഇമെയിലുകൾ ഡെമോക്രാറ്റുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
ബിൽ ക്ലിന്റൺ, ലാറി സമ്മേഴ്‌സ്, റീഡ് ഹോഫ്മാൻ, ജെ പി മോർഗൻ, ചേസ് തുടങ്ങിയ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ജെഫ്രി എപ്‌സ്റ്റീനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാനും, അവർക്കും എപ്‌സ്റ്റീനുമിടയിൽ എന്താണ് ഇടപാടുകളെന്ന് കണ്ടെത്താനും ആവശ്യപ്പെടുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സാമ്പത്തിക ഷട്ട്ഡൗൺ ഉൾപ്പെടെയുള്ള പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എപ്‌സ്റ്റൈൻ തട്ടിപ്പ് ഡെമോക്രാറ്റുകൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റുകൾ ഉൾപ്പെട്ട എപ്‌സ്റ്റൈൻ തട്ടിപ്പ് എന്നാണ് ട്രംപ് കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.
ട്രംപിന്റെ ഉത്തരവ് പ്രകാരം അന്വേഷണം ആരംഭിക്കുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടിയും വ്യക്തമാക്കി. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ ടോപ്പ് പ്രോസിക്യൂട്ടറായ ജെയ് ക്ലെയ്ട്ടനെ ഫെഡറൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തി. എപ്‌സ്റ്റീൻ കേസ് ഫയലുകള്‍ പുറത്തുവിടണമെന്ന ഡെമോക്രാറ്റുകളുടെയും ചില റിപ്പബ്ലിക്കൻമാരുടെയും ആവശ്യത്തെ ദുർബലപ്പെടുത്താനുള്ള ട്രംപിന്റെ നീക്കമാണിതെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.