15 February 2026, Sunday

Related news

February 15, 2026
February 11, 2026
February 8, 2026
February 6, 2026
February 6, 2026
February 5, 2026
February 1, 2026
January 31, 2026
January 31, 2026
December 22, 2025

എപ്സ്റ്റീന്‍ ഫയല്‍സ്; ഹർദീപ് സിങ് പുരി പ്രതിരോധത്തിൽ, പേര് പരാമര്‍ശിച്ചിരിക്കുന്നത് 600ലധികം തവണ

മന്ത്രിയുടെ വാദങ്ങളെ തള്ളുന്ന വിവരങ്ങള്‍ പുറത്തുവന്നു 
Janayugom Webdesk
ന്യൂഡൽഹി
February 15, 2026 10:26 pm

അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുകൾ വിവാദമാകുന്നു. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) കമ്മിഷന്റെ ഭാഗമായിരുന്നപ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്ന മന്ത്രിയുടെ വാദങ്ങളെ തള്ളുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഐപിഐയിൽ തന്റെ മേലധികാരിയായിരുന്ന ടെർജെ റോഡ് ലാർഷൻ വഴിയാണ് എപ്സ്റ്റീനെ പരിചയപ്പെട്ടതെന്നും അത് കേവലം ഔദ്യോഗികം മാത്രമായിരുന്നു എന്നുമാണ് ഹർദീപ് സിങ് പുരി അവകാശപ്പെടുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ലിങ്ക്ഡിൻ മേധാവിയായിരുന്ന റീഡ് ഹോഫ്മാന് അയച്ച ഇമെയിലിന്റെ പകർപ്പ് എപ്സ്റ്റീന് പോയതല്ലാതെ മറ്റ് ആശയവിനിമയങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍ യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ രേഖകൾ പ്രകാരം ഹർദീപ് സിങ് പുരിയുടെ പേര് 600ലധികം തവണ എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹർദീപ് പുരി എന്ന പേര് 46 തവണയും, ഹർദീപ് 430 തവണയും, ഹർദീപ് സിങ് പുരി 163 തവണയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നപ്പോഴാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ പുതിയ രേഖകൾ പ്രകാരം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷവും ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നു.
2014 നവംബർ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെക്കുറിച്ചും ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ വർധനവിനെക്കുറിച്ചും വിശദീകരിക്കുന്ന ഇമെയിൽ പുരി എപ്സ്റ്റീന് അയച്ചിട്ടുണ്ട്. 

എപ്സ്റ്റീന്റെ സഹായിക്ക് ഇന്ത്യയിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വിസ സംബന്ധമായ ആവശ്യങ്ങൾക്കായി ഇവർ തമ്മിൽ ബന്ധപ്പെട്ടതായും രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീൻ ആത്മഹത്യ ചെയ്യുന്നതിന് രണ്ട് വർഷം മുമ്പുവരെ ഇമെയിലുകൾ കൈമാറിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പ്രതിയായ ഒരാളുമായി കേന്ദ്രമന്ത്രി പുലർത്തിയ അടുത്ത ബന്ധം വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിഷയത്തിൽ മന്ത്രി കൂടുതൽ വ്യക്തത നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുറത്തുവന്ന പുതിയ രേഖകളോട് മന്ത്രിയോ കേന്ദ്ര സർക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.