26 January 2026, Monday

‘വ്യാജ എക്സിറ്റ് പോള്‍’ പ്രവചനം ഏറെക്കുറെ ഫലിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 5, 2024 8:45 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 401 സീറ്റ് നേടുമെന്ന് പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ സര്‍വേഫലം പൊളിഞ്ഞത് രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന വേളയില്‍ കൗതുകകരമായ മറ്റൊരു വാര്‍ത്ത പുറത്തുവന്നു. ഏഴാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് 15 ദിവസം മുമ്പ് ആക്സിസ് മൈ ഇന്ത്യയുടെ പേരില്‍ വ്യാജഫലം പുറത്ത് വന്നിരുന്നു. അതിലെ കണക്കുമായി ഏറെക്കുറെ യോജിച്ച് പോകുന്ന സീറ്റുകളാണ് യഥാര്‍ത്ഥഫലം എന്നതാണ് കൗതുകകരം. എന്‍ഡിഎ സഖ്യത്തിന് 243 മുതല്‍ 254 സീറ്റുകള്‍ വരെ ലഭിക്കുമെന്നായിരുന്നു വ്യാജ സര്‍വേ അവകാശപ്പെട്ടത്. ഇന്ത്യ സഖ്യം 232 മുതല്‍ 242 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ ചൂണ്ടിക്കാട്ടി. സ്വതന്ത്രന്‍മാരും മറ്റുള്ളവരും 40 മുതല്‍ 55 വരെ സീറ്റുകള്‍ കരസ്ഥമാക്കുമെന്നും സര്‍വേ പറഞ്ഞിരുന്നു. എന്നാല്‍ ആക്സിസ് മൈ ഇന്ത്യയുടെ യഥാര്‍ത്ഥ സര്‍വേ ഫലം പ്രവചിച്ചതാകാട്ടെ എന്‍ഡിഎക്ക് 361 മുതല്‍ 401 സീറ്റും, ഇന്ത്യ സഖ്യത്തിന് 131 മുതല്‍ 166 വരെ സീറ്റും. 

വ്യാജ സര്‍വേഫലം സമൂഹ മാധ്യമായില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിഷേധക്കുറിപ്പുമായി ആക്സിസ് മൈ ഇന്ത്യ രംഗത്ത് വന്നു. കമ്പനി ചെയര്‍മാന്‍ പ്രദീപ് ഗുപ്തയാണ് സര്‍വേ ഫലം തങ്ങളുടേതല്ലെന്നും വ്യാജമാണെന്നും വെളിപ്പെടുത്തിയത്. ഏപ്രില്‍ 19നായിരുന്നു സ്ഥാപനം നിഷേധക്കുറിപ്പുമായി രംഗത്തുവന്നത്. തുടര്‍ന്ന് വ്യാജ സര്‍വേഫലം സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.
പിന്നീട് എന്‍ഡിഎ സഖ്യത്തിന് 400 സീറ്റ് ലഭിക്കുമെന്ന തരത്തിലായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പുറത്തുവന്നത്. എന്നാല്‍ വോട്ടെണ്ണലിന് ശേഷം മുഴുവന്‍ സര്‍വേ ഫലവും മോഡി അനുകൂല സൃഷ്ടിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ആക്സിസ് മൈ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത ഇന്ത്യ ടുഡെ സംഘടിപ്പിച്ച ചാനല്‍ ലൈവിനിടെ എക്സിറ്റ് പോള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ പരസ്യമായി പൊട്ടിക്കരഞ്ഞ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.

Eng­lish Summary:The ‘fake exit poll’ pre­dic­tion almost came true
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.