
ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ നാണക്കേടിന്റെ റെക്കോഡുമായി വെസ്റ്റ് ഇൻഡീസ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറിനാണ് വിന്‍ഡീസ് സംഘം പുറത്തായത്. 205 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, വിൻഡീസ് ടീം മുഴുവനും 27 റൺസിന് തകർന്നു. 1955ൽ ഓക്ക്‌ലൻഡിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് നേടിയ 26 റൺസാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ. പട്ടികയിൽ മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 225 റൺസ് നേടിയപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 143 ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 121 റൺസിന് ഓൾഔട്ടായി. മറുപടിയില്‍ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിന് ഓൾഔട്ടായി. ജസ്റ്റിൻ ഗ്രീവ്സിന് (11) മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. ഏഴ് ബാറ്റര്‍മാർ പൂജ്യത്തിന് പുറത്തായി. ഇതോടെ, ഓസ്ട്രേലിയ 176 റൺസിന് മത്സരം ജയിക്കുകയും പരമ്പര 3–0 ന് സ്വന്തമാക്കുകയും ചെയ്‌തു. നൂറാം ടെസ്റ്റ് കളിക്കുന്ന മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിരയെ തകർത്തു. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 15 പന്തിൽ നിന്ന് ഏറ്റവും വേഗത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ ബൗളറായും താരം മാറി. ഒമ്പത്റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി സ്റ്റാർക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 400 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ കളിക്കാരനായും താരം മാറി. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, നഥാന്‍ ലിയോണ്‍ എന്നിവരുടെ എലൈറ്റ് ക്ലബ്ബിലാണ് സ്റ്റാര്‍ക്കും ഇടംപിടിച്ചത്.
ഹാട്രിക്ക് വിക്കറ്റുകള്‍ സ്വന്തമാക്കിയ സ്‌കോട്ട് ബോളണ്ടും സ്റ്റാര്‍ക്കിനൊപ്പം മികച്ച പ്രകടനം നടത്തി. 14ാം ഓവറിലെ ആദ്യ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനെ ബോളണ്ട് ബ്യു വെബ്‌സ്റ്ററുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ ഷമര്‍ ജോസഫിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. മൂന്നാം പന്തില്‍ ജോമല്‍ വാറിക്കനെ താരം ക്ലീന്‍ ബൗള്‍ഡുമാക്കി. ഒന്നാം ഇന്നിങ്‌സിലും താരം മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. ഒപ്പം ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ആവറേജ് താരം 110 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമാക്കിയാണ് നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹാട്രിക്ക് നേട്ടവും സ്വന്തമായത്. ടെസ്റ്റിൽ ഹാട്രിക് നേടുന്ന പത്താമത്തെ ഓസ്‌ട്രേലിയൻ ബൗളറായി. ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനാണ് സ്കോട്ട് ബോളണ്ട്. മത്സരം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍ 47 ആയിരുന്നു. 2004 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലായിരുന്നു കുറഞ്ഞ സ്‌കോറിന്റെ റെക്കോഡ്. ഇതും പഴങ്കഥയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.