ഫിഫാ കപ്പിൽ പങ്കെടുക്കുന്നതിനും ലോകഫുട്ബോൾ മാമാങ്കം കൺകുളിർക്കെ കാണുന്നതിനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമാകെയുള്ള കോടാനുകോടി ആരാധക സമൂഹം. കളിയുടെ ഗതിയെ പ്രോത്സാഹിപ്പിച്ചും ആവേശത്തോടെ കയ്യടിച്ചും ഇഷ്ട ടീം തോറ്റാൽ സങ്കടപ്പെട്ടും നീങ്ങുന്ന ആരാധക ലോകമാണ് ഫുട്ബോളിന്റെ കളങ്കമില്ലാത്ത സമ്പത്ത്. മറ്റേതു കളിയെക്കാളും ഹൃദയത്തിൻ പ്രതിഷ്ഠിച്ചതാണ് കാൽപന്ത് കളി. വികാരവിചാരങ്ങൾ മാറിമാറി പ്രതിഫലിപ്പിക്കുന്ന ലോകമഹോത്സവത്തിന് ഇനിയും ആറു മാസത്തെ കാത്തിരിപ്പ് മാത്രം. ഇരുന്നൂറിൽപ്പരം രാജ്യങ്ങൾ വാശിയോടെ മത്സരിച്ച് വിജയികളായ 31 രാജ്യങ്ങളും കളിക്ക് ആതിഥ്യമരുളുന്ന ഖത്തറും ചേർന്നാണ് ലോകകപ്പ് കളിക്കളത്തെ വര്‍ണാഭമാക്കുക. യൂറോപ്പ് 13, ആഫ്രിക്ക അഞ്ച്, ലാറ്റിനമേരിക്ക നാല്, ഏഷ്യ നാല്, കോൺകാകാഫ് മൂന്ന്, ഇന്റർ കോണ്ടിനെന്റല്‍ രണ്ട് എന്നീ ക്രമത്തിലും ആതിഥേയരും ചേര്‍ന്ന് അത്തറിന്റെ പരിമളം പരത്തുന്ന ഖത്തറിലെ വേദികളിൽ പൊരുതും. ഇതിൽ 29 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ഇനിയും മൂന്ന് ടീമുകൾ യോഗ്യരാവാനുണ്ട്. അതിനുള്ള മത്സരങ്ങൾ ജൂണിൽ പൂർത്തിയാകും.
ഉക്രെയ്ൻ‑സ്കോട്ട്‌ലന്‍ഡ് മത്സര വിജയി, വെയിൽസുമായി കളിച്ചു ജയിക്കുന്നവർ, ന്യൂസിലൻഡ്-കോസ്റ്റാറിക്ക വിജയി, ഓസ്ത്രേലിയ യുഎഇ വിജയിയും പെറുവുമായി മത്സരിച്ചു ജയിക്കുന്നവർ ഇത്രയും ചേർന്നാൽ 32 ടീമുകളുടെ അങ്കക്കളരിയായി. യൂറോകപ്പ് ജേതാക്കളായ ഇറ്റലിയുടെ പരാജയവും അവരെ തകർത്ത മാസിഡോണിയയുടെ പരാജയവും പോർച്ചുഗലിന്റെ ജയത്തോടെ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചു. ലോകകപ്പിന്റെ ആവേശ വാർത്തകൾക്കിടയിലാണ് പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. കഴിഞ്ഞ നാലുവർഷത്ത കാത്തിരിപ്പിനും വിജയലഹരിക്കുമിടയിൽ ഇത്തവണ ലാറ്റിനമേരിക്കയിലെ ഫുട്ബോൾ ലഹരിയായ ബ്രസീൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ടിറ്റെയുടെ പരിശീലനത്തിൽ കാനറിപ്പക്ഷികൾ 1837 പോയിന്റുമായാണ് ലോകഫുട്ബോളിലെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ലാറ്റിനമേരിക്കൻ യോഗ്യത മത്സരത്തിലെ അപരാജിതക്കുതിപ്പും എതിരാളികളുടെ വലയിൽ നിറച്ച ഗോളുകളും ഒന്നാം സ്ഥാനത്തേക്കുള്ള വഴിയൊരുക്കി. കഴിഞ്ഞ നാലുവർഷക്കാലം പിറകിൽ നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ മുന്നേറി.
ലോക കപ്പിന്റെ 22 ാമത് പതിപ്പിന് മുന്നിൽ നിൽക്കുമ്പോഴാണ് ഈ നേട്ടം മഞ്ഞക്കിളികളുടെ അടുക്കലേക്ക് തിരിച്ചെത്തിയത്. ഇത് അവരുടെ മനസിൽ ഉത്തേജനത്തിന്റെ ഔഷധമാകും.1832 പോയിന്റാണ് ബ്രസീലിന്. 1827 പോയിന്റുമായി ബെൽജിയം രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള ഫ്രാൻസിന് 1729, നാലാം സ്ഥാനത്ത് അർജന്റീനയ്ക്ക് 1765 പോയിന്റ്. അഞ്ചാമതായി ഇംഗ്ലണ്ട് 1761 പോയിന്റ്, ആറാമത് ഇറ്റലി 1723, ഏഴാമത് സ്പെയിൻ 1709, എട്ടാമത് പോർച്ചുഗൽ 1674, ഒമ്പതാം സ്ഥാനത്ത് 1658 പോയിന്റോടെ മെക്സിക്കോ, നെതർലാന്റ്സ് എന്നീ രാജ്യങ്ങള്‍ ഒപ്പത്തിനൊപ്പമുണ്ട്.
1992 ലാണ് മാസാമാസം ഫിഫാ റാങ്കിങ് നടത്തുവാൻ തുടങ്ങിയത്. മൊത്തം 362 മാസങ്ങൾ പിന്നിട്ടപ്പോൾ 144 തവണ ഒന്നാമതായി കയറിയത് മഞ്ഞക്കിളികൾ മാത്രമാണ്. മറ്റ് ഒരു രാജ്യവും പകുതിപോലും ആയില്ല. സ്പെയിൻ 64, ബെൽജിയം 34, ജർമ്മനി 30, അർജന്റീന 26, ഫ്രാൻസ് 15 , ഇറ്റലി 6, നെതർലാന്റ്സ് ഒന്ന് എന്നീ ക്രമത്തിലാണ് ഒന്നാം റാങ്ക് പങ്കുവച്ചത്. 33 മാസം റാങ്കിങ് നടന്നില്ല. ലോകത്താകെയുള്ള രാജ്യങ്ങളിൽ എട്ടെണ്ണം മാത്രമാണ് ഒന്നാം റാങ്ക് പങ്കു വച്ചത്. അതിൽ ബ്രസീൽ വളരെ മുൻപിലാണ്. ബ്രസീൽ തന്നെയാണ് ലോകകപ്പ് കൂടുതൽ കാലം നേടിയ രാജ്യവും. 1958, 62,70, വർഷങ്ങളിൽ കപ്പ് സ്വന്തമാക്കിയ രാജ്യം എന്ന ബഹുമതി കാനറികൾക്ക് മാത്രം. ഫുട്ബോളിന്റെ വളർച്ചയിൽ മനസ് ഉഴിഞ്ഞുവച്ചവരാണ് ബ്രസീൽ ജനത. രണ്ടാമത്തെ ഫിഫാ പ്രസിഡന്റ് യൂൾറിമെ നൽകിയ ലോകത്തിലെ വിലകൂടിയ കപ്പ് മൂന്നുതവണ നേടുന്ന രാജ്യത്തിന് സ്വന്തമായി നൽകുവാൻ തീരുമാനിച്ചപ്പോൾ. അത് സ്വന്തമാക്കിയ രാജ്യം ബ്രസീലാണ്. 1970ലെ ലോകകപ്പിൽ ബ്രസീലും ഇറ്റലിയും ഫൈനലിലെത്തി. ജയിക്കുന്നവർക്ക് കപ്പ് സ്വന്തം. മെക്സിക്കോയിലായിരുന്നു ഫൈനൽ. ഒന്നിനെതിരെ നാലു ഗോളിന് ഇറ്റലിയെ തകർത്തുകൊണ്ടാണ് ഫുട്ബോൾ രാജാവായ പെലെ കപ്പുയർത്തിയത്. അതിന് ശേഷമാണ് ഫിഫാ കപ്പ് നിലവിൽ വന്നത്. തുടർന്ന് 94ൽ ഇറ്റലിയെ തോൽപ്പിച്ചും 2002ൽ ജർമ്മനിയെ തോൽപ്പിച്ചും ഫിഫാ കപ്പ് ജേതാക്കളായി.
കൂടാതെ 50ൽ ഉറുഗ്വേയോടും 98 ൽ ഫ്രാൻസിനോടും തോറ്റ് രണ്ടാം സ്ഥാനക്കാരായി. ഫിഫയുടെ പ്രൊഫഷണൽ ഫുട്ബോൾ ചരിത്രത്തിലെ ഉന്നത ബഹുമതിയായ ഫിഫാ കപ്പിൽ ഒന്നാം സ്ഥാനത്ത് ബ്രസീലാണുള്ളത്. രണ്ടാമതുള്ളത് ഇറ്റലിയും ജർമ്മനിയുമാണ്. അവർ നാലുതവണ വീതം ജേതാക്കളായി. ഉറുഗ്വേയും അർജന്റീനയും ഫ്രാൻസും രണ്ട് തവണ വീതവും ഇംഗ്ലണ്ടും സ്പെയിനും ഓരോതവണയും ഫിഫാ കപ്പിൽ മുത്തമിട്ടിട്ടുണ്ട്. നോട്ടം എട്ട് രാജ്യങ്ങളാണ് ഫിഫാ കപ്പ് മാറിമാറി കൈവശം വച്ചത്. മഞ്ഞക്കിളികൾ മനംനിറഞ്ഞാടുന്ന മത്സരവേദികളെ ലോകമാകെ ആകാംക്ഷാഭരിതരായി കാത്തിരിക്കുന്നത് കളിയുടെ സൗന്ദര്യം കൂടി ആസ്വദിക്കുവാനാണ്. ഫുട്ബോൾ പിറന്ന് മൂവായിരം വർഷമായെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ ഫുട്ബോൾ ആധുനീകരണവും കലാപവും നിരോധനവും കഴിഞ്ഞു കൂടുതൽ ശക്തമായി ലോക സഞ്ചാരം നടത്തിയപ്പോൾ കയ്യേറ്റക്കാരായ വെള്ളക്കാരുടെ കാൽക്കീഴിൽ ദുരിതവും പേറി ജീവിച്ചകറുത്ത മനുഷ്യർക്ക് അതിജീവനത്തിന്റെ പ്രകാശ ധാരമയായി മാറിയത് ഫുട്ബോൾ ആയിരുന്നു. അവർ ഫുട്ബോളിൽ ജീവിതംകണ്ടു, ഫുട്ബോളും സാംബനൃത്തവും ഒരുമിപ്പിച്ച് മനുഷ്യമനസിൽ താളവും ലയവും കാല്പനിക വശ്യതയും ചേർത്താണ് അവർ ലോകത്തിന്റെ നെറുകയിൽ എത്തിയത്.
ഫുട്ബോൾ ദൈവത്തിന്റെ വരദാനമായി അവർ കണ്ടു. ഗോലാൻ കുന്നിന്റെ നിറുകയിൽ ഉയർന്നു നിൽക്കുന്ന യേശുവിന്റെ രൂപം കളിയുമായി ചേർത്തു വായിക്കുന്ന പാവപ്പെട്ട കറുത്ത മനുഷ്യർ അവർ കളിയിൽ തോറ്റാൽ കരയും ജയിച്ചാൽ ആഹ്ലാദ നൃത്തം ചവുട്ടും. ലോകത്താകെ ഫുട്ബോൾ കളിക്കുന്ന കളിക്കാരെ സപ്ലൈ ചെയ്യുന്ന രാജ്യമാണ് ബ്രസീൽ. കേരള ബ്ലാസ്റ്റേഴ്സ് ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്നത് മഞ്ഞ നിറമുള്ള ബ്രസീലുകാരുടെ കുപ്പായത്തിന്റെ വശ്യതയിലും കൂടിയാണ്. സോക്രട്ടീസും സീക്കോയും പെലെയുമൊക്കേ വളർത്തിയെടുത്ത ഫുട്ബോളിന്റെ സൗന്ദര്യലഹരി ലോകത്താകെയുള്ള ജനഹൃദയങ്ങളിൽ കവിത പോലെ നിറഞ്ഞു നിൽക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ 106ാം റാങ്കിലെ വീഴ്ച ആരെയും ദുഃഖിപ്പിക്കുന്നില്ല. വേൾഡ് റാങ്കിങ്ങിൽ നേടിയ നേട്ടവും ലാറ്റിനമേരിക്കയിൽ ആരോടും തോൽക്കാതെ 45 പോയിന്റുമായി തലയുയർത്തി വന്ന തന്റേടവും ഈ ലോകകപ്പിൽ പ്രതിഫലിപ്പിക്കാൻ വേണ്ടിയാണ് കാനറികൂട്ടങ്ങൾ വരുന്നത്. അവർക്ക് കോപ്പയിലെ ക്ഷീണം മാറ്റാനും കഴിഞ്ഞ മൂന്നു ലോകകപ്പുകളിൽ കണ്ണീരണിഞ്ഞു പഴയകഥകൾ മറക്കാനും നെയ്മറുടെ മുപ്പതാം വയസിൽ ഒരു കിരീടം തന്നെ വേണം. കാത്തിരിക്കാം ആറു മാസക്കാലം.
യൂറോകപ്പും ആഫ്രിക്കൻ കപ്പും സ്വന്തമാക്കിയ ഇറ്റലിയുടെയും ഈജിപ്തിന്റെയും ഖത്തർയാത്ര തടയപ്പെട്ടത് കളിയിലെ പ്രതികാരമായി. ആഫ്രിക്കൻ നാഷണൽ കപ്പിൽ സെനഗലിനെ കണ്ണീരും കുടിപ്പിച്ചു വിജയ ഭേരി മുഴക്കിയ മുഹമ്മദ് സലയുടെ ഈജിപ്തിനെ അതേ നാണയത്തിൽ തോൽപ്പിച്ചാണ് സെനഗൽ വിജയം പ്രഖ്യാപിച്ചത്. രണ്ടു മത്സരങ്ങളിൽ തൂല്യരായപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് വന്നു. സലയുടെ ഷൂട്ടിൽ ഗോൾ കിട്ടിയില്ല. പഴയ പൊട്ടിച്ചിരി ഇപ്പോള്‍ കൂട്ടകരച്ചിലായി. സെനഗൽ ഖത്തറിലും സല നിരാശയിലുമായി. ഏതാണ്ട് യുറോപ്പിലും സ്ഥിതി ഇതുതന്നെ. 13 ടീമുകൾക്ക് എന്‍ട്രി ഉറപ്പുള്ള യൂറോപ്പിൽ നിന്ന് അവസാനക്കാരനായിപ്പോലും എത്താൻ കഴിയാത്ത ഇറ്റലിയുടെ കഥ ദയനീയമായി. നാലുതവണ ഫിഫാ കപ്പ് ജേതാക്കളായ ഇറ്റലിയുടെ പരമദയനീയത ഇത് രണ്ടാമത്തെ തവണയാണ്.
തോറ്റവരും തോൽപിച്ചവരും പുറത്തുപോയി തൂല്യ ദുഃഖിതരായി. ഇതാണ് ഫുട്ബോൾ കളിയുടെ മാസ്മരികത. 22 ആമത് ലോകകപ്പിൽ മത്സരിക്കുന്ന ഗ്രൂപ്പ് തിരിച്ചു നറുക്കെടുപ്പ് നടന്നപ്പോൾ വമ്പന്മാരുടെ വഴിമുടങ്ങില്ലെന്ന വിശ്വാസത്തിലാണ് നീരീക്ഷക ലോകം. വമ്പന്മാരായ ജർമ്മനിയും സ്പെയിനും ഒരു ഗ്രൂപ്പിൽപ്പെട്ടതൊഴിച്ചാൽ ആരാധകർക്ക് ആശങ്ക സൃഷ്ടിക്കുന്ന കളികൾ മൈതാനത്ത് മാത്രം കാണാം. എ ഗ്രൂപ്പിൽ ഖത്തറിന് ഇക്വഡോറും ഹോളണ്ടും സെനഗലുമാണ് എതിരാളികൾ. ആദ്യ പതിനാറിൽ സന്ദർശകർക്ക് കടന്നു കൂടാൻ പറ്റും. മറ്റു ഗ്രൂപ്പുകളിൽ നിന്നും ഇംഗ്ലണ്ടും അർജന്റീനയും ഫ്രാൻസും സ്പെയിനും ജർമ്മനിയും ബ്രസീലും ബൽജിയവും പോർച്ചുഗലും ക്രൊയേഷ്യയും പ്രിക്വാർട്ടൽ ഉറപ്പിക്കാവുന്ന തരത്തിൽ ആദ്യ റൗണ്ട് മുന്നേറാം.
മറ്റു ടീമുകളിൽ ഉറുഗ്വായും സെനഗലും കാമറൂണും മെക്സിക്കോയും സ്വിറ്റ്സർലൻഡും പ്രതീക്ഷ ഉയർത്തുന്നവരാണ്.പ്രത്യേകം തയാറാക്കിയ എട്ടു സ്റ്റേഡിയങ്ങളിൽ ഹയാ… ഹയാ… എന്ന പേരിൽ മികവോടെ ഒരുമിച്ച് എന്ന ആശയത്തിന്റെ ആവേശത്തിൽ കളിക്കളങ്ങളിൽ ഒത്തുചേരുന്ന ലക്ഷങ്ങളും ലോകമാകെ കൺകുളിർക്കെ കാണുന്ന ജനകോടികളും ഒരുമിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് കാത്തിരിക്കാം. നവംബർ. 21 ആതിഥേയരായ ഖത്തറും ഇക്വഡോറും മുഖാമുഖം കാണും. തുടർന്ന് നിരന്തരമായ പോരാട്ടങ്ങൾക്ക് ശേഷം ഡിസംബർ 18ന് നടക്കുന്ന കലാശക്കളിയോടെ തിരശീല വീഴും.
English summary; The FIFA World Cup
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.