16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിനാധാരം കാനം തുടങ്ങി വച്ച പോരാട്ടം

സ്വന്തം ലേഖിക
കോട്ടയം
August 20, 2024 11:02 pm

സിനിമാമേഖലയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ മേഖലയിലെ ചൂഷണങ്ങൾക്കെതിരെയുളള പോരാട്ടങ്ങൾക്ക് ആദ്യം നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2007ൽ കേരളത്തിലെ സിനിമാ തൊഴിലാളികളുടെ ആദ്യ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷൻ സംവിധായകൻ വിനയൻ മുൻകൈയെടുത്ത് രൂപീകരിക്കുമ്പോൾ അതിന്റെ മുന്നണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കാനമായിരുന്നു. ചലച്ചിത്ര താരങ്ങൾ ദിനംപ്രതിയെന്നോണം വേതനം വർധിപ്പിക്കുമ്പോഴും പിന്നണി പ്രവർത്തകർ എക്കാലത്തും ചൂഷണത്തിന് വിധേയമായിരുന്നു. മലയാള സിനിമാ തൊഴിലാളികൾക്കും ടെക്നീഷ്യൻമാർക്കും അവരുടെ സേവന വേതന കാര്യങ്ങളിൽ ന്യായമായ വ്യവസ്ഥയും വർധനയും രൂപീകരിക്കാന്‍ തുടക്കമിട്ടത് മാക്ട ഫെഡറേഷനായിരുന്നു. എഐടിയുസി സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് മാക്ട ഫെഡറേഷൻ എന്ന തൊഴിലാളി സംഘടനയുടെ പ്രസിഡന്റായും കാനം പ്രവർത്തിച്ചിരുന്നു.
സിനിമയിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളോടും ജൂനിയർ ആർട്ടിസ്റ്റുകളോടുമുള്ള അവഗണന വലിയ രീതിയിൽ മാറ്റിയെടുക്കാന്‍ മാക്ട ഫെഡറേഷന് കഴിഞ്ഞു. മാക്ട ഫെഡറേഷൻ ആരംഭിച്ചപ്പോള്‍ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂനിയർ ആർട്ടിസ്റ്റുകൾക്കു വേണ്ടി ആയിരുന്നുവെങ്കിലും സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു. 

ജുനിയർ ആർട്ടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളെയും സംവിധായകരെയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം വിനയൻ സമൂഹമാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പിൽ പറയുന്നു. അതുകൊണ്ട് തന്നെ മാക്ടയെ ഇല്ലാതാക്കേണ്ടത് പലരുടെയും ആവശ്യമായിരുന്നു. മാക്ടയെ തകർക്കാനും പ്രമുഖർ ഇടപെട്ടു എന്ന ഹേമ കമ്മറ്റി റിപ്പോർട്ട് ഇത് ശരിവയ്ക്കുന്നുമുണ്ട്. മാക്ടയെ തകർക്കാൻ 15 അംഗ പവർഗ്രൂപ്പ് പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംവിധായകരും നടന്മാരും നിർമ്മാതാക്കളുമടങ്ങുന്ന ഈ സംഘമാണ് സിനിമാ മേഖലയെ നിയന്ത്രിക്കുന്നതെന്നും ഇവരെ എതിർക്കുന്നവരെ വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം വിലക്കുകൾ നേരിട്ടവരാണ് സംവിധായകൻ വിനയൻ, നടൻ തിലകൻ അടക്കമുള്ളവർ. അന്ന് സൂപ്പർസ്റ്റാറായിരുന്ന ഒരു നടൻ കാണിച്ച അച്ചടക്ക ലംഘനത്തിനെതിരെ വിരൽ ചൂണ്ടി എന്ന ഒറ്റ കാരണത്താൽ മലയാള സിനിമയിലെ പ്രമുഖരെല്ലാവരും ആ നടന്റെ കൂടെ മാക്ട ഫെഡറേഷൻ തകർക്കാൻ വേണ്ടി സംഘം ചേർന്നുവെന്ന് വിനയൻ പലവട്ടം പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.