ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പിൽ പ്രിയങ്ക ഗാന്ധി വയനാട് എംപിയുടെ സ്റ്റാഫിന്റെ പേരും.
പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ എ എന്നിവർക്ക് ഐ സി ബാലകൃഷ്ണന് താൻ ഏഴ് ലക്ഷം രൂപ കൊടുത്തത് അറിയാമെന്നാണ് കുറിപ്പിൽ പറയുന്നത്. ബിജു തൊടുവണ്ടി എന്നയാളുടെ കയ്യിൽ നിന്ന് വാങ്ങിയ പണമാണ് ഐ സി ബാലകൃഷ്ണന് നല്‍കിയത്. പണം തിരികെ നൽകാതെ വന്നപ്പോൾ ബിജു ഇക്കാര്യം ഐസി ബാലകൃഷണനോട് തിരക്കിയിരുന്നു. എന്നാൽ ഇത് തിരിച്ചു കൊടുക്കാൻ എംഎൽഎ തയ്യാറായിരുന്നില്ല. പിന്നാലെ രതീഷിന്റെയും മുജീബിന്റെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. 2017- 18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ സ്റ്റാഫംഗമായിരുന്ന മുജീബ് എം പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്. എൻ എം വിജയന്റെയും മകന്റെയെും മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരവെയാണ് ഇക്കാര്യം കൂടി പുറത്തുവരുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ മൊഴി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.