23 December 2025, Tuesday

എപ്‍സ്റ്റീന്‍ ഫയല്‍സിന്റെ ആദ്യഘട്ടം പുറത്ത്

ചിത്രങ്ങളില്‍ ബില്‍ ക്ലിന്റണും മെെക്കല്‍ ജാക്സണും 
ട്രംപിന്റെ ചിത്രം മനഃപൂര്‍വം ഒഴിവാക്കിയെന്ന് ആരോപണം 
Janayugom Webdesk
വാഷിങ്ടണ്‍
December 20, 2025 9:32 pm

കുപ്രസിദ്ധ ലെെംഗിക കുറ്റവാളി ജെഫ്രി എപ്‍സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഏറെക്കാലത്തെ സമ്മർദത്തിനൊടുവിലാണ് ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്ത് വന്നത്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണ്‍ മുതൽ പോപ് ഗായകൻ മൈക്കൽ ജാക്സൺ അടക്കമുള്ളവരുടെ പേരും ചിത്രവും ഉണ്ടെങ്കിലും ഡൊണാള്‍ഡ് ട്രംപിനെ കുറിച്ച് പരമാര്‍ശമില്ല. ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്‍റെ ബന്ധങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെയാണ് ആരോപണങ്ങൾ തള്ളുകയും എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തയാറായതും.
അർദ്ധനഗ്നരായ സ്ത്രീകളോടൊപ്പം നീന്തൽകുളത്തിൽ കിടക്കുന്ന ബിൽ ക്ലിന്റണിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലുള്ള സ്ത്രീകളിലൊരാൾ ക്ലിന്റണിന്റെ കാമുകിയും കേസിലെ കൂട്ടു പ്രതിയുമായ മാക്സ്‌വെല്ലാണെന്നാണ് സൂചന. മൈക്കൽ ജാക്സണും ഗായിക ഡയാന റോസിനൊപ്പവും ബിൽ ക്ലിന്റണ്‍ നിൽക്കുന്ന ചിത്രവും പുറത്തുവന്ന ചിത്രത്തിൽ ഉൾപ്പെടുന്നു.
എന്നാൽ ഫയലുകളിൽ വ്യാപകമായി തിരുത്തലുകള്‍ വരുത്തിയെന്നാരോപിച്ച് ഹൗസ് ഓവർസൈറ്റ് ആന്റ് ജുഡീഷ്യറി കമ്മിറ്റികളിലെ ഡെമോക്രാറ്റുകളെ നയിക്കുന്ന യുഎസ് കോൺഗ്രസ് അംഗങ്ങളായ റോബർട്ട് ഗാർസിയയും ജാമി റാസ്‌കിനും രംഗത്ത് വന്നു. ഫയലുകളിൽ നിന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങളും വിവരങ്ങളും അപ്രത്യക്ഷമായെന്നും ഇവര്‍ പറയുന്നു. എപ്‍സ്റ്റീന്റെ ലൈംഗിക കടത്ത് സംഘവുമായി ബന്ധപ്പെട്ട തെളിവുകൾ ട്രംപ് ഭരണകൂടം മറച്ചുവെക്കുകയാണെന്നും 30 ദിവസത്തിനുള്ളിൽ തരംതിരിക്കാത്ത രേഖകൾ പുറത്തുവിടണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്‌പരൻസി ആക്‌ട് പാലിക്കുന്നില്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി റോ ഖന്ന ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.