24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 10, 2024
November 4, 2024
November 2, 2024
November 1, 2024
September 13, 2024
August 30, 2024
August 29, 2024
July 13, 2024
July 12, 2024

ആദ്യ മദര്‍ഷിപ്പ് എത്തി; വിഴിഞ്ഞം അഭിമാന തീരം

Janayugom Webdesk
തിരുവനന്തപുരം
July 12, 2024 9:13 am

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. 13 വൻകിട തുറമുഖങ്ങളുള്‍പ്പെടെ ഇരുന്നൂറിലധികം തുറമുഖങ്ങളുമുള്ള ഇന്ത്യയിൽ ആദ്യമായി മദർഷിപ്പ്‌ തീരം തൊട്ടു. തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയ്ക്കുള്ള സ്വീകരണ ചടങ്ങും ട്രയല്‍ റണ്ണും ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനാ വാൾ വിശിഷ്ടാതിഥിയാകും. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ തുറമുഖ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. 

ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ 300 മീറ്റർ നീളമുള്ള ‘സാൻ ഫെർണാണ്ടോ’ ചൈനയിലെ ഷിയാമൻ തുറമുഖത്തുനിന്നാണ് വിഴിഞ്ഞത്തെത്തിയത്. ബുധനാഴ്ച രാത്രി പുറംകടലില്‍ എത്തിയ കപ്പൽ ഇന്നലെ രാവിലെ ഏഴിന്‌ തുറമുഖം ഔട്ടറിൽ എത്തി. തുടർന്ന്‌ ടഗ്ഗുകൾ ചേർന്ന്‌ കപ്പലിനെ ബെർത്തിലേക്ക്‌ നയിച്ചു. ഇതിനിടെ മദര്‍ഷിപ്പിന് ടഗ്ഗിന്റെ ജലസല്യൂട്ട്‌. ബെർത്തിങ്‌ പൂർത്തിയായ കപ്പലിന്റെ കസ്റ്റംസ്‌ ക്ലിറയൻസ്‌ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി 12.04ന്‌ ആദ്യ കണ്ടെയ്‌നർ ഇറക്കി. 

ഷിപ്പ്‌ ടു ഷോർ സെമി ഓട്ടോമാറ്റിക്‌ ക്രെയിൻ ഉപയോഗിച്ചായിരുന്നു കണ്ടെയ്‌നർ നീക്കം. യാർഡ്‌ ക്രെയിൻ ഉപയോഗിച്ച്‌ ഇന്റർ ട്രാൻസിറ്റ്‌ വെഹിക്കിൾ വഴി (ഐടിവി) കൃത്യസ്ഥാനത്ത്‌ അടുക്കിവച്ചു. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇന്ന് വൈകിട്ട് കപ്പൽ യൂറോപ്പിലേക്ക്‌ തിരിക്കും. ശനിയാഴ്‌ച മുതൽ വിഴിഞ്ഞത്ത്‌ ഇറക്കിയ കണ്ടെയ്‌നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോകാൻ ചെറുകപ്പലുകൾ (ഫീഡർ വെസലുകൾ) വന്നു തുടങ്ങും. ഇവകൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റുമാകും.

ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, ജി ആർ അനിൽ, എംപിമാരായ ശശി തരൂർ, എ എ റഹീം, എം വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ, അഡാനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കരൺ അഡാനി തുടങ്ങിയവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് റിപ്പോർട്ടവതരിപ്പിക്കും. 

Eng­lish Sum­ma­ry: The first moth­er­ship arrived; Vizhin­jam is the proud shore

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.