
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഏഴ് ജില്ലകളിലായി 595 തദ്ദേശ സ്ഥാപനങ്ങളിലാണ് നാളെ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം വാനോളമുയര്‍ത്തിയാണ് ഇന്നലെ പരസ്യപ്രചരണത്തിന് സമാപനമായത്. ഇന്ന് നിശബ്ദപ്രചരണത്തിനുള്ള സമയമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മാസം 10ന് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതുമുതല്‍ എല്ലാ തലങ്ങളിലും പ്രചരണരംഗത്ത് എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും പ്രാദേശിക വികസന പദ്ധതികളുമെല്ലാം മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. അതേസമയം, യുഡിഎഫും എന്‍ഡിഎയും എല്‍ഡിഫിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണ്. ആഭ്യന്തരകലഹങ്ങളിലും കേസുകളിലുംപെട്ടുഴലുകയാണ് ഇരുമുന്നണികളും. പണക്കൊഴുപ്പിന്റെ അതിപ്രസരത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിലനില്‍ക്കാന്‍ ഈ മുന്നണികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ജനമനസുകളില്‍ സ്ഥാനമുറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത ജനപക്ഷപ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കരുത്താകുന്നത്. കുടിശികയില്ലാതെ ലഭിക്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷനും, ലക്ഷക്കണക്കിന് പേര്‍ക്ക് വീടിന്റെ തണലേകിയ ലൈഫ് മിഷന്‍ പദ്ധതിയും, ലക്ഷക്കണക്കിന് സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കിയതുമെല്ലാം ജനങ്ങള്‍ക്ക് നേരനുഭവമുള്ള നേട്ടങ്ങളാണ്. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്തുന്നതിനുള്ള ഇടപെടലുകള്‍ക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു.
ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എല്‍ഡിഎഫ് മാത്രമാണെന്ന തിരിച്ചറിവാണ് വോട്ടര്‍മാര്‍ക്കുള്ളത്. ഭരണത്തിലിരുന്ന അവസരങ്ങളിലെല്ലാം അഴിമതി നടത്തുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്തുകയും വര്‍ഗീയതയിലൂടെ വോട്ട് നേടാമെന്ന് വിശ്വസിക്കുന്നവരുമാണ് മറുഭാഗത്തുള്ളതെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയുന്നു. നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് ജനങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകുന്നത്.
രണ്ടാംഘട്ടത്തില്‍ നാളെ കൊട്ടിക്കലാശം
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ നാളെയാണ് കൊട്ടിക്കലാശം. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്രചരണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റാലികള്‍, തെരുവ് യോഗങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ പര്യടനങ്ങള്‍, ഭവന സന്ദര്‍ശനം എന്നിവയാണ് പ്രധാന പ്രചാരണ പരിപാടികളായി നടന്നുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളില്‍ വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.