24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026

ആദ്യ സ്വകാര്യ സര്‍വകലാശാല കുണിയ യൂണിവേഴ്സിറ്റി

 കാന്തപുരം നോളജ് സിറ്റിയും രംഗത്ത്
കെ രംഗനാഥ്
തിരുവനന്തപുരം
March 4, 2025 10:33 pm

സംസ്ഥാനത്തെ ആദ്യ സ്വകാര്യ സര്‍വകലാശാല കാസര്‍കോട്ടെ കുണിയയില്‍. സര്‍വകലാശാല തുടങ്ങാന്‍ കുണിയ കുഞ്ഞമ്മഹദ് മുസലിയാര്‍ സ്മാരക ട്രസ്റ്റ് ഇതിനകം സര്‍ക്കാരിന് മുമ്പാകെ അപേക്ഷ നല്കിയതായാണ് സൂചന. 

സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച ബില്‍ ഇന്നലെ നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. അതേസമയം എ പി കാന്തപുരം വിഭാഗവും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നോളജ് സിറ്റിയോടനുബന്ധിച്ച് ഒരു സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ എ പി കാന്തപുരം വിഭാഗം സമസ്തയുടെ മുശാവറയോഗം പച്ചക്കൊടി കാട്ടി. 100 കോടി രൂപയാണ് സര്‍വകലാശാലയ്ക്കുവേണ്ടി നീക്കിവച്ചിട്ടുള്ളത്. 

എന്നാല്‍ കൂടുതല്‍ മുന്നൊരുക്കങ്ങളോ അടിസ്ഥാന സൗകര്യ വികസനങ്ങളോ കൂടാതെതന്നെ ഒരു സര്‍വകലാശാലയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇപ്പോള്‍തന്നെ കുണിയയിലുള്ളതിനാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന ആദ്യ സ്വകാര്യ സര്‍വകലാശാലയും ഇതുതന്നെയായിരിക്കും. ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകയില്‍ പണിതീര്‍ത്ത 70 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മന്ദിരസമുച്ചയങ്ങളാണ് കുണിയയിലുള്ളത്. 150 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാമ്പസിനോടനുബന്ധിച്ച് നൂറേക്കര്‍ സ്ഥലം കൂടി വാങ്ങിച്ചേര്‍ക്കാനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കുണിയ സര്‍വകലാശാലയ്ക്ക് കീഴിലെ മെഡിസിന്‍, എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള മള്‍ട്ടി ഡിസിപ്ലിനറി കാമ്പസുകളും ലക്ഷ്യമിട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുതന്നെ കുണിയ ഗ്രൂപ്പ് തയ്യാറാക്കിയ സര്‍വകലാശാലയുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് അനുമതിക്കുള്ള അപേക്ഷയോടൊപ്പം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ജനയുഗത്തെ അറിയിച്ചു.
എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജുകള്‍ക്ക് വികസന കരുതലായി 60 ഏക്കറും വാങ്ങും. അടുത്ത വര്‍ഷംതന്നെ കുണിയ സര്‍വകലാശാലയ്ക്ക് കീഴില്‍ ലോ കോളജും തുടങ്ങും. കണ്ണൂര്‍ സര്‍വകലാശാല അംഗീകരിച്ച ബിരുദ കോഴ്സുകള്‍ ഇപ്പോള്‍തന്നെ കാമ്പസില്‍ നടക്കുന്നുണ്ട്. കുണിയ കോംപ്ലക്സിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ രണ്ടാമത്തെ ബാച്ചിന്റെ ക്ലാസുകളും നടക്കുന്നു. സെക്കന്‍ഡ് ബാച്ചിലെ 17പേര്‍ പ്രിലിമിനറി പരീക്ഷയില്‍ ഉന്നത വിജയം നേടിയതും നിര്‍ദിഷ്ട യൂണിവേഴ്സിറ്റിയുടെ അഭിമാനാര്‍ഹമായ നേട്ടമാണെന്ന് കുണിയ ഗ്രൂപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ത്തന്നെ വിപുലമായ ഹോസ്റ്റല്‍ സൗകര്യമുള്ള കാമ്പസില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള പുതിയ ഹോസ്റ്റല്‍ സമുച്ചയവും ഒരുക്കും. താരതമ്യേന ഉന്നത വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്ക്കുന്ന കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ വികസനത്തിന് ഉണര്‍വേകുന്നതായിരിക്കും കുണിയ സര്‍വകലാശാലയെന്നും ട്രസ്റ്റ് കരുതുന്നു.
കാന്തപുരം എം പി മുസലിയാര്‍ നേതൃത്വം നല്കുന്ന നോളജ് സിറ്റിയും ഒരു ഉന്നത വിദ്യാഭ്യാസ, ഗവേഷണ സമുച്ചയമാണ്. നോളജ് സിറ്റിയിലെ നിര്‍ദിഷ്ട ജലഗവേഷണ കേന്ദ്രവും ഇവിടത്തെ സവിശേഷതയാണ്. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനകം തന്നെ സ്വകാര്യ സര്‍വകലാശാല പൂര്‍ണസജ്ജമാവുമെന്നും മര്‍ക്കസ് നോളജ് സിറ്റി അധികൃതര്‍ ഉറപ്പുനല്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.