11 December 2025, Thursday

Related news

December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025

ആലപ്പുഴയുടെ മണ്ണിലെ ആദ്യത്തെ ചെങ്കൊടി നവതി തിളക്കത്തിലേക്ക്

ആര്‍ ബാലചന്ദ്രന്‍
ആലപ്പുഴ
August 29, 2025 10:58 pm

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ശതാബ്ദി ആഘോഷിക്കുമ്പോൾ തൊഴിലാളി-വിപ്ലവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ആലപ്പുഴയ്ക്കും അഭിമാനിക്കാം. ഇക്കുറി സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്ന ഇവിടെ ആദ്യ ചെങ്കൊടി ഉയർന്നിട്ട് 88 വർഷം പൂർത്തിയായി.തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ 15-ാം വാർഷിക സമ്മേളനത്തിലാണ് കേരളത്തിൽ ആദ്യമായി അരിവാൾ ചുറ്റിക അടയാളമുള്ള ചെങ്കൊടി പാറിയത്. 1937 മേയ് 22ന് ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തിയത് അന്ന് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരുന്ന വി കെ വേലായുധനായിരുന്നു. മത്സ്യത്തൊഴിലാളികളെയും കയർഫാക്ടറി തൊഴിലാളികളെയും തുറമുഖത്തൊഴിലാളികളെയും സംഘടിപ്പിച്ച സൈമൺ ആശാനായിരുന്നു പതാകയുയർത്തലിന് ചുക്കാൻ പിടിച്ചത്. പി കൃഷ്ണപിള്ളയുമൊത്തുള്ള ഒളിവുകാല ജീവിതമാണ് ആശാനെ ഉന്നതമൂല്യമുള്ള കമ്മ്യൂണിസ്റ്റുകാരനാക്കിയത്.

1922ൽ ആലപ്പുഴ കേന്ദ്രീകരിച്ച് രൂപീകൃതമായ തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ. തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായിരുന്നു അന്ന് ആലപ്പുഴ. കയർത്തൊഴിലാളികൾ തന്നെ അമ്പതിനായിരത്തിലേറെയായിരുന്നു. വാടപ്പുറം ബാവയും കൂട്ടരും ചേര്‍ന്നുണ്ടായി‌‌ക്കിയ തിരുവിതാംകൂർ ലേബർ അസോസിയേഷൻ 1938ൽ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ ട്രേഡ് യൂണിയനായി രജിസ്റ്റർ ചെയ്തു. അദ്ദേഹം രൂപീകരിച്ച കോസ്റ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇപ്പോൾ കോസ്റ്റൽ കോ-ഓപ്പറേറ്റീവ് ബാങ്കാണ്.
ശ്രീനാരായണ ഗുരുവിന്റെ ഉപദേശ നിർദേശങ്ങൾ ലേബർ അസോസിയേഷൻ സ്ഥാപനത്തിന് പിന്നിലുണ്ടായിരുന്നു. 1922ൽ അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്ക് തന്റെ സന്ദേശവുമായി ശിഷ്യനായ സ്വാമി സത്യവ്രതനെ ഗുരു അയച്ചിരുന്നു. സംഘടനകൊണ്ട് കരുത്തുനേടി തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കണമെന്നായിരുന്നു സന്ദേശത്തിന്റെ കാതൽ. 

തൊഴിലാളികളുടെ ജീവിതപ്രയാസങ്ങൾക്ക് അറുതിവരുത്താൻ സംഘടന എന്ന ആശയം തൊഴിലാളികൾക്ക് ആവേശമായി. അതിനിടെയാണ് 1938ല്‍ തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രക്ഷോഭം ആരംഭിച്ചത്. സ്റ്റേറ്റ് കോൺഗ്രസും എസ്എൻഡിപി യോഗവുമാണ് ചിത്രത്തിലുണ്ടായിരുന്നതെങ്കിലും സാധാരണജനങ്ങൾ അവരുടെ നയസമീപനങ്ങളിൽ നിരാശരായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി നാട്ടിലെങ്ങും തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യാപകമാവുകയും ചെയ്തതോടെ സാധാരണക്കാരും തൊഴിലാളികളും കൂട്ടമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിക്കുകീഴിൽ അണിനിരന്നു. ഈ സംഭവവികാസങ്ങളുടെ സ്വാഭാവിക പരിണാമമെന്നോണം ലേബർ അസോസിയേഷൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ എന്ന് പേരുമാറ്റിയ സംഘടന എഐടിയുസിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.