വിമാന യാത്രക്ക് പകരം സൗകര്യം ഏർപ്പെടുത്താതെ വിമാന ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസും ഏജൻസിയും 64,442/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുൻ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ അന്നത്തെ പ്രസിഡണ്ടുമായിരുന്ന ഇ എം.മുഹമ്മദ് ഇബ്രാഹിം, മെമ്പർ സന്ധ്യാ റാണിയും നൽകിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് ഉത്തരവിട്ടത്. ഔദ്യോഗിക ആവശ്യത്തിനു ഡൽഹിയിൽ പോയി, ബാംഗ്ലൂർ വഴി കൊച്ചിയിൽ എത്തുന്ന വിമാന ടിക്കറ്റ് ആണ് ക്ലിയർ ട്രിപ്പിൻ്റെ വെബ്സൈറ്റ് വഴി 2019 മാർച്ച് 9 ന് , 11,582 രൂപ നൽകി എടുത്തത് . എന്നാൽ യാത്രയ്ക്കായി നിശ്ചയിച്ച ദിവസത്തിന് 13 ദിവസം മുൻപ് വിമാന കമ്പനി ടിക്കറ്റുകൾ റദ്ദാക്കി.
റീബുക്കിങ്ങോ ഫുൾ റീഫണ്ടോ നൽകാമെന്നായിരുന്നു എതിർകക്ഷികളുടെ ആദ്യ ഓഫർ . എന്നാൽ പിന്നീട് അവർ നിലപാട് മാറ്റി. മുഴുവൻ ടിക്കറ്റ് തുകയും യാത്രികർക്ക് തിരിച്ചു നൽകിയില്ല . ഇതിനെ തുടർന്ന് ഉയർന്ന തുകയായ 19,743/- രൂപ നൽകി പരാതിക്കാർക്ക് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടി വന്നു. എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാൽ ആണ് വിമാന സർവീസ് റദ്ദാക്കിയത് എന്നും എയർലൈൻസ് ചട്ട പ്രകാരം നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്ക് ഇല്ലെന്നും എതിർകക്ഷികൾ ബോധിപ്പിച്ചു.
എന്നാൽ,വിമാനത്തിൻ്റെ കാലപ്പഴക്കം മൂലം സർവീസ് നടത്താൻ കഴിയാത്ത ‘സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പരാതിക്കാരന്റെ വാദം. എതിർകക്ഷികളുടെ സേവനത്തിലെ ന്യൂനത മൂലം കൂടിയ തുക നൽകി പരാതിക്കാർക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നു. അതിന് നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതി ചെലവും നൽകാൻ എതിർകക്ഷികൾ ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. നഷ്ടപരിഹാരവും കോടതി ചിലവുമായി 64,442/- എതിർകക്ഷികൾ ഒരുമാസത്തിനകം പരാതികാർക്ക് നൽകാനും ഉത്തരവിലുണ്ട്.
English Summary;The flight was canceled without alternative travel arrangements; Consumer Disputes Redressal Court to pay compensation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.