മൃഗങ്ങളോടുള്ള സ്നേഹവും ജോലിയോടുള്ള ആത്മാർത്ഥതയുമായിരുന്നു വനം വകുപ്പ് ജീവനക്കാരനായിരുന്ന ഹുസൈന്റെ പ്രത്യേകത. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവൻ കവർന്നതും. തൃശൂർ പാലപ്പിള്ളിയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗം മുക്കം കൂടരഞ്ഞി മുതുവമ്പായിയിലെ ഹുസൈൻ കൽപ്പൂര്‍ (31) ഇന്നലെയാണ് മരണത്തിന് കീഴടങ്ങുന്നത്.
വയനാട് മുത്തങ്ങയിൽ അനിമൽ റസ്ക്യുവറായി ജോലി നോക്കുകയായിരുന്നു ഹുസൈൻ. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന ഹുസൈന് കഴിഞ്ഞ നാലാം തീയതിയാണ് കള്ളായി പത്തായപ്പാറക്കു സമീപം ഒറ്റയാന്റെ ആക്രണത്തിൽ പരിക്കേറ്റത്. പാലപ്പള്ളി വനമേഖലയിൽ തോട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ദുരിതം വിതച്ച കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്ന് കുങ്കിയാനകൾക്കൊപ്പം എത്തിയ ഹുസൈന്റെ വാരിയെല്ലുകൾ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പൊട്ടിയിരുന്നു. ശ്വാസകോശത്തിനും ക്ഷതമേറ്റു. ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്ന ഹുസൈൻ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ വീടുകളിൽ കയറുന്ന പാമ്പുകളെ ഹുസൈൻ പിടികൂടുമായിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥനായ അഷ്റഫ് കട്ടാങ്ങലിന്റെ ഇടപെടൽ മൂലം വനം വകുപ്പിന് കീഴിലെ പാമ്പു പിടുത്തക്കാരനിലേക്ക് വഴിതെളിച്ചു. തുടർന്ന് മയക്കുവെടി വെക്കുന്നതിലും ഹുസൈൻ വിദഗ്ധനായി. ആന, പുലി, കരടി തുടങ്ങി ഏത് വന്യജിവികളുടെ ശല്യം ജനങ്ങൾക്കുണ്ടാവുമെമ്പോഴും അത് പരിഹരിക്കാൻ ഹുസൈൻ മുന്നിലുണ്ടാവുമായിരുന്നു. നിപയുടെ കാലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ എടുക്കുന്ന സംഘത്തിലും ഹുസൈൻ ഉണ്ടായിരുന്നു. അപകടകരമായ ജോലി ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തിന് ചെറുപുഞ്ചിരി മാത്രമായിരുന്നു എപ്പോഴും ഹുസൈന്റെ മറുപടി.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പത്തായപ്പാറയിലെത്തിച്ചത്. വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ എത്തിയ ആനപ്പാപ്പാൻമാരുൾപ്പെടെയുള്ള പന്ത്രണ്ടംഗ സംഘത്തിലെ അംഗമായിരുന്നു ഹുസൈൻ. ഇരുപത്തിനാലോളം ആനകളാണ് ജനവാസ മേഖലയിലേക്ക് എത്തിയത്. ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റിയത്. തുടർന്ന് മടങ്ങുന്നതിനിടെയാണ് കാട്ടാനകളിലൊന്ന് തിരിച്ചെത്തി ഹുസൈനെ ആക്രമിച്ചത്.
പത്തുവർഷത്തോളമായി വനംവകുപ്പിൽ താത്കാലിക ജോലി ചെയ്യുന്ന ഹുസൈൻ കാരമൂല കൽപ്പൂര് പാലൂര് ഇബ്രാഹിമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: അൻഷിദ. മക്കൾ: അമ്ന ഷെറിൻ, ആഷിക് മുഹമ്മദ്. സഹോദരങ്ങൾ: നിസാർ, കരിം, സുബൈദ, പരേതയായ ഷെമീറ.
English Summary: The forest officer who was undergoing treatment died after being injured in the elephant attack
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.