വലതു പക്ഷം കെട്ടിപ്പൊക്കിയ വലിയ നുണക്കോട്ടയാണ് വികസന കാര്യത്തിൽ എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ചു കൊണ്ട് ശശിതരൂർ നടത്തിയ പ്രസ്താവനയിലൂടെ തകർന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം വന്നാൽ വളർച്ച മുരടിക്കുമെന്നും വികസനം തകരുമെന്ന വാദങ്ങളാണ് കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗം ശശിതരൂർ തള്ളി പറഞ്ഞത്. ഇടതുപക്ഷ ഭരണത്തിൻ കീഴിൽ കേരളത്തിന്റെ വികസനം ആർക്കും അവഗണിക്കാൻ കഴിയാത്തവിധം പ്രകടമാണ്. വൈകിയാണെങ്കിലും ആ സത്യം തരൂരിനെ പോലെയുള്ളവർക്ക് അംഗീകരിക്കേണ്ടി വന്നതായും ബിനോയ് വിശ്വം പറഞ്ഞു. കൊല്ലത്ത് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, എം എം ഹസന്‍ തുടങ്ങി കോണ്‍ഗ്രസിലെ പ്രമാണിമാര്‍ ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന തരൂരിനെ അഭിനന്ദിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷം വികസനപക്ഷമാണ്. കേരളത്തിന്റെ വളര്‍ച്ചയില്‍ ഇടതുപക്ഷം എന്നും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക വികസനവഴി ആദ്യം തുറന്നത് ടി വി തോമസാണെന്ന് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രധാനനേതാവായ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. അച്യുതമേനോന്‍ ഗവണ്‍മെന്റിലെ വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചത്. അതായിരുന്നു കേരളത്തിലെ സമഗ്രമായ വ്യവസായ കുതിപ്പിന്റെ ആരംഭം. അദ്ദേഹം സ്ഥാപിച്ച കെല്‍ട്രോണ്‍ ഇലക്ട്രോണിക്സ് രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. അത് ഒരുപാട് വിദേശ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വരാന്‍ ഇടയാക്കി. കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം നല്ലതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ അന്ന് ടി വിക്ക് കഴിഞ്ഞു.
ടി വി മുതല്‍ പി രാജീവ് വരെയുള്ള ഇടതുപക്ഷ നേതാക്കന്മാരുടെ വ്യവസായ നയവും മാര്‍ഗങ്ങളും എത്രയോ ശരിയാണെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് പോലും സമ്മതിക്കേണ്ടിവരുന്നു. കെല്‍ട്രോണ്‍ അടക്കമുള്ള ആധുനിക വ്യവസായങ്ങളെ സ്ഥാപിച്ചു എന്നു മാത്രമല്ല പരമ്പരാഗത തൊഴിലാളികളെയും ടി വി ചേര്‍ത്തുപിടിച്ചിരുന്നു. ബാലഗോപാല്‍ അവതരിപ്പിച്ച 2025–26ലെ ബജറ്റിലും പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് സാധ്യമായ പരിഗണനയാണ് കൊടുത്തിട്ടുള്ളത്. അതിനര്‍ത്ഥം പരമ്പരാഗത വ്യവസായങ്ങളെ മറക്കാതെ ശാസ്ത്രസാങ്കേതിക വിദ്യകളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്നാണ്. ഇങ്ങനെയുള്ള സര്‍ക്കാരിന്റെ നേട്ടങ്ങളെ തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കള്‍ക്ക് പോലും കഴിയുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.