15 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026

സ്വാതന്ത്ര്യ പോരാട്ടങ്ങളെ തിരിച്ചുപിടിക്കണം

Janayugom Webdesk
August 15, 2025 5:00 am

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് 78 വർഷങ്ങൾ പൂർത്തിയാകുകയാണ് ഇന്ന്. ബ്രിട്ടീഷുകാരുടെ അടിമവാഴ്ചയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ് നാംകൊണ്ടാടുന്നത്. പൂർവികർ സഹിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായിരുന്നു നമ്മുടെ സ്വാതന്ത്ര്യലബ്ധി. എത്രയോ ദശകങ്ങൾ നീണ്ട ആ പോരാട്ടങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ പ്രോജ്വലവും വ്യാപകവും കരുത്തേറിയതുമായി. അവിടെയാണ് ലോകരാജ്യങ്ങളിലെ വിമോചന സമരങ്ങൾക്ക് പ്രചോദനമായ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പ്രസക്തി. റഷ്യയിലെ വിപ്ലവവും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സംസ്ഥാപനവും അതുവരെയുണ്ടായിരുന്ന പോരാട്ടങ്ങളെ പ്രചോദിപ്പിക്കുക മാത്രമായിരുന്നില്ല, പുതിയ ജനവിഭാഗങ്ങളെ പ്രക്ഷോഭപാതയിലേയ്ക്ക് നയിക്കുന്നതിനും കാരണമായി. ഇന്ത്യയിലെ സമരങ്ങളെ ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രക്ഷോഭങ്ങളാക്കി മാറ്റുന്നതിൽ ഒക്ടോബർ വിപ്ലവം പ്രേരകശക്തിയായി. രാജ്യത്ത് സംഘടിത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകൃതമായില്ലെങ്കിലും പ്രസ്തുത വിമോചനാശയത്തിൽ ആകൃഷ്ടരായ നിരവധി പേർ നമുക്കുവേണ്ട സ്വതന്ത്ര്യത്തിന്റെ അർത്ഥതലങ്ങൾക്ക് വിപുലമായ മാനം നൽകുന്നതിന് പരിശ്രമിച്ചു. അങ്ങനെയാണ് 1921ലെ അലഹബാദ് കോൺഗ്രസ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റുകാരനായ ഹസ്രത്ത് മൊഹാനി സമ്പൂർണ സ്വാതന്ത്ര്യമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. അന്ന് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ അത് അംഗീകരിച്ചില്ല. പിന്നീട് 1925ൽ സിപിഐ രൂപീകൃതമാവുകയും ഇതേ ആവശ്യം ഉന്നയിക്കുകയും പൂർണ സ്വാതന്ത്ര്യമാണ് അനിവാര്യമെന്ന ബോധ്യം ജനങ്ങളിൽ സൃഷ്ടിക്കുകയും ചെയ്തതിനുശേഷമാണ് 1929ലെ ലാഹോർ കോൺഗ്രസ് സമ്മേളനം ഈ ആശയം അംഗീകരിക്കുന്നതിന് നിർബന്ധിതമായതെന്നതും ചരിത്രവസ്തുതയാണ്.
പിന്നീടുള്ള രണ്ട് ദശകത്തിലധികം രാജ്യം കണ്ടത് അനിതരസാധാരണമായ സ്വാതന്ത്ര്യ പോരാട്ടങ്ങളായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള സംഘടനകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകയ്യിൽ രൂപീകരിച്ച ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ ഒന്നടങ്കവും സമരഭൂമികയിലെത്തി. നാവികരും സൈനികരും കൂ­ടെച്ചേർന്നു. അതിനോട് പിടിച്ചുനിൽക്കാനാകാതെയാണ് 1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കരഗതമാകുന്നത്. ആ ഘട്ടത്തിൽ ബ്രിട്ടീഷ് മേലാളന്മാരുടെ വാഴ്ത്തുപാട്ടുകാരായിരുന്നു ഇന്ന് അ­ധികാരത്തിലിരിക്കുന്ന ബിജെപിയുടെ പൂർവഗാമികൾ. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ പ്രയാണപഥങ്ങളിലും മറ്റെല്ലാ പ്രസ്ഥാനങ്ങളെയും അ­പേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായക പങ്കുണ്ട്. 

സാമൂഹ്യസാഹചര്യങ്ങളും ഭരണഘടന ഉൾപ്പെടെയുള്ള പ്രമാണങ്ങളും നിർണയിക്കുന്നതിൽ സ്വാതന്ത്ര്യ പോരാളികളുടെ സ്വപ്നത്തിന്റെ പ്രകടിതരൂപമാകണമെന്ന നിശ്ചയദാർഢ്യത്തോടെ പാര്‍ട്ടി ഇടപെട്ടു. രാഷ്ട്രരൂപീകരണത്തിലും ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പാർലമെന്ററി പങ്കാളിത്തത്തോടെയും ജനകീയ പോരാട്ടങ്ങളിലൂടെ ഭരണാധികാരികളെ നിർബന്ധിച്ചും കമ്മ്യൂണിസ്റ്റുകാർ സുപ്രധാന പങ്കുവഹിച്ചു. അങ്ങനെ പടുത്തുയർത്തിയ നമ്മുടെ രാഷ്ട്രം ഭയാനകമായ സ്ഥിതിവിശേഷങ്ങളെയും ഗുരുതരമായ വെല്ലുവിളികളെയും നേരിടുമ്പോഴാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. 11 വർഷത്തിലധികമായി നമ്മെ ഭരിക്കുന്ന ആർഎസ്എസ് — ബിജെപി ദുർഭരണത്തിന് കീഴിൽ ജനങ്ങളുടെ സാമൂഹ്യജീവിതം ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തേതിനെക്കാൾ പരിതാപകരമായിരിക്കുന്നു. ലോക സാമ്പത്തികശക്തിയായി എന്ന് കെട്ടിച്ചമച്ച കണക്കുകളുടെ പിൻബലത്തിൽ അഹങ്കരിക്കുമ്പോൾ തന്നെയാണ് റേഷൻ വസ്തുക്കൾ കിട്ടാതെ പട്ടിണി കിടക്കുകയും വരുമാനമില്ലാതെ കർഷകരും തൊഴിലില്ലാതെ യുവാക്കളും ആത്മഹത്യയെ അഭയംപ്രാപിക്കുകയും ചെയ്യുന്നത്. സ്ത്രീകളുടെ അധികാരപങ്കാളിത്തത്തെ കുറിച്ച് ഊറ്റം കൊള്ളുന്നുവെങ്കിലും ഇന്ത്യയിലേക്ക് പോകുന്ന സ്ത്രീപുരുഷന്മാരോട് കരുതിയിരിക്കണമെന്ന് വിദേശരാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നവിധം അപമാനിതമാണ് ഇന്നത്തെ ഇന്ത്യ. 

ഹിന്ദുത്വഫാസിസം തങ്ങളുടെ അധികാരമുറപ്പിക്കുന്നതിന് അവലംബിക്കുന്ന വിഭജന, വിഭാഗീയ, വിദ്വേഷ നടപടികൾ സാമൂഹ്യഘടനയെ തകിടംമറിക്കുകയും മതേതര, ജനാധിപത്യ സംവിധാനങ്ങളും സമത്വത്തെ ലാക്കാക്കുന്ന സോഷ്യലിസ്റ്റ് സങ്കല്പവും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നു. ജനാധിപത്യം നിലനിൽക്കുന്ന ഏകാധിപത്യരാജ്യവും മതേതരത്വം പരിപാലിക്കുന്ന ഏകമതരാഷ്ട്രവുമാക്കി മാറ്റുന്നതിനുള്ള അജണ്ടകൾക്ക് വേഗമേറിയിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങൾ ധിക്കാരത്തിന്റെയും ഏകപക്ഷീയ നടപടികളുടെയും വേദിയാക്കി. തെരഞ്ഞെടുപ്പുകളെ ജനങ്ങളുടെ ഉത്സവമാക്കുന്നതിന് നേതൃത്വം നൽകേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനും നാം സാക്ഷികളാകുന്നു. സ്വാതന്ത്ര്യലബ്ധിയുടെ വേളയിൽ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെട്ടതിന്റെ ഫലമായനുഭവിച്ച വിഭജനത്തിന്റെ മുറിവുകൾ ഉണക്കാനായെങ്കിലും പുതിയ വ്രണദൂഷ്യങ്ങൾ രാഷ്ട്രശരീരത്തിൽ അധികാര ഒത്താശയോടെ സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെക്കാൾ വിഭജനമാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് ഗവർണർമാരെന്ന കേന്ദ്രസർക്കാരിന്റെ പാവകൾ ഇല്ലാത്ത അധികാരം ഭാവിച്ച് തിട്ടൂരമിറക്കുന്നത്. അങ്ങനെയൊരു ആസുരവേളയിലെത്തുന്ന സ്വാതന്ത്ര്യദിനം ആഘോഷത്തിന്റേതുമാത്രമല്ല, പോയകാല പോരാട്ടങ്ങൾ തിരിച്ചെടുത്ത് സ്വാതന്ത്ര്യം സംരക്ഷിച്ചുനിർത്തുമെന്ന പ്രതിജ്ഞ പുതുക്കാനും പ്രവർത്തിക്കാനുമുള്ളതാണ്. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.