കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) കസേരയ്ക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. ഡോ. രാജേന്ദ്രനെ കോഴിക്കോട് നിന്നും സ്ഥലം മാറ്റിയ നടപടിയാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ഇതോടെയാണ് രാജേന്ദ്രന്‍ വീണ്ടും ഡിഎംഒ കസേരയില്‍ തിരിച്ചെത്തും. കോടതി ഉത്തരവുമായി ഡോ. രാജേന്ദ്രന്‍ വീണ്ടും ഡിഎംഒ ഓഫീസിലെത്തി. ഹൈക്കോടതി ഉത്തരവ് നാലു ജില്ലകളിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റത്തെ ബാധിക്കും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റങ്ങൾക്കാണ് സ്റ്റേ ഉത്തരവ് ബാധകമാകുക. അതേസമയം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്രൂണൽ ഉത്തരവ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അടുത്ത മാസം 9 വരെയാണ് സ്റ്റേ നൽകിയത്. കേസ് 9-ാം തീയതി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് കഴിഞ്ഞ ഒമ്പതാം തീയതി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രന്‍ ഡിഎംഒ ആയി തുടര്‍ന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞ് ഓഫീസിലെത്തിയതോടെയാണ് കസേരകളി തർക്കത്തിലെത്തിയത്. ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ് ഡോ. രാജേന്ദ്രന്‍ സ്ഥാനത്ത് തുടരുകയായിരുന്നു. മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി.
ഇതേത്തുടർന്ന് കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവിയെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഡോ. രാജേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.