സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് പൊതുമരാമത്ത് — ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താൽപര്യവും പരിശോധിക്കണം. സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിലെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി കോഴിക്കോട് ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ആവശ്യം. കലോത്സവത്തിനിടെ ബോധപൂർവം കലാപന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചോയെന്ന് പരിശോധിക്കും. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്ക്കാരത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു.
കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാപ്റ്റൻ വിക്രം മൈതാനിയിൽ അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്കാരത്തിനെതിരെയാണ് വിമർശനം ഉയര്‍ന്നത്. പ്രശസ്ത കവി പി കെ ഗോപിയുടെ വരികൾക്ക് കെ സുരേന്ദ്രൻ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ഇന്ത്യൻ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചുവെന്നതായിരുന്നു വിമർശനം.
എന്നാൽ അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യാവിഷ്കാരമാണ് ഉദ്ദേശിച്ചതെന്നും ദൃശ്യ സംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയരക്ടർ കനകദാസ് പ്രതികരിച്ചു.
English Summary: The gang affiliation of those who prepared the school festival welcome song should also be investigated: Minister Muhammad Riaz
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.