
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തുന്നു. ഇന്ത്യ‑ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇവിടെ നടക്കുന്നത്. മത്സരം നാളെ രാവിലെ 9.30ന് ആരംഭിക്കും. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന യുവനിരയുമായാണ് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരെ നേരിടാന്‍ ഇന്ത്യയിറങ്ങുന്നത്. പരിക്കിന്റെ പിടിയില്‍ നിന്നും റിഷഭ് പന്ത് തിരിച്ചെത്തി. എന്നാല്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ധ്രുവ് ജൂറേലിന്റെ സ്ഥാനത്തിലാണ് ആശയക്കുഴപ്പം. മികച്ച ഫോമിലുള്ള ജൂറേലിനെ പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുമോയെന്നാണ് കണ്ടറിയേണ്ടത്.
താരത്തെ ഉള്‍പ്പെടുത്തിയാല്‍ മധ്യനിര ബാറ്ററുടെ റോളിലാകും കളിക്കുക. ഇക്കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്പരയിൽ, പന്തിന്റെ അഭാവത്തിൽ ജുറേലായിരുന്നു വിക്കറ്റ് കീപ്പറായത്. വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിൽ 44 റൺസും രണ്ടാമിന്നിങ്‌സിൽ പുറത്താകാതെ ആറുറൺസും നേടിയിരുന്നു. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറിനേടിയതോടെ ജൂറേല്‍ നിര്‍ണായക ഘടമായി സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുയായിരുന്നു. ഇതോടെ കെ എൽ രാഹുൽ, റിഷഭ് പന്ത്, ധ്രുവ് ജുറൽ എന്നീ മൂന്ന് വിക്കറ്റ് കീപ്പർമാരുമായാണ് ടീം ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക.
കഴിഞ്ഞ മത്സരത്തിലേതുപോലെ തന്നെ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ഓപ്പണ്‍ ചെയ്യും. സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ എന്നിങ്ങനെയാകും മറ്റുള്ള ബാറ്റര്‍മാര്‍. സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരെയും പേസർമാരായി ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും കളിപ്പിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപിനെ ഉൾപ്പെടുത്തിയാൽ വാഷിങ്ടണോ അക്‌സറോ പുറത്തിരിക്കും.
ടെംബാ ബാവുമ നയിക്കുന്ന ടീമിൽ ഡെവാൾഡ് ബ്രെവിസ്, മാർകോ യാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, കാഗിസോ റബാഡ, ട്രിസ്റ്റൻ സ്റ്റബ്സ്, വിയാൻ മുൾഡർ തുടങ്ങിയവരുണ്ട്. ബൗളിങ്ങിനനുകൂലമായതാണ് ഈഡനിലെ പിച്ച്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ടേണിങ് പിച്ച് തയ്യാറാക്കിയപ്പോള്‍ ഇന്ത്യ 3–0ന് പരമ്പര കൈവിട്ടിരുന്നു. അതിനാല്‍ തന്നെ ഇത്തവണത്തെ പിച്ചില്‍ പേസര്‍മാര്‍ക്ക് റിവേഴ്സ് സ്വിങ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്പിന്‍ നിരയുണ്ട്. കേശവ് മഹാരാജ്-സിമോൺ ഹാർമർ‑സെനുറാൻ മുത്തുസാമി എന്നീ സ്പിന്നര്‍മാരെ ഉപയോഗിച്ച് പകിസ്ഥാനിലെ സ്പിന്‍ പിച്ചില്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം വിജയിച്ചിരുന്നു. അതിനാല്‍ തന്നെ സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ ഉള്‍പ്പെടുത്തുകയെന്നതും ഇന്ത്യ ആലോചിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.