തുടർന്ന് പഠിക്കാനാണ് ആഗ്രഹമെന്ന് കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരി പെൺകുട്ടി. അസമിലേക്ക് പോയി പഠനം തുടരണമെന്ന് മലയാളി അസോസിയേഷൻ അംഗങ്ങളോടാണ് കുട്ടി അറിയിച്ചത്. ബുധനാഴ്ച ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ്.
അസമിലെത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹം. അമ്മ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി പറഞ്ഞു. കുട്ടിയെ ഇന്ന് ഉച്ചയോടെ സിഡബ്ല്യുസി കേരള പൊലീസിന് കൈമാറും. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു. കുഞ്ഞിനെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. ബുധനാഴ്ച രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.
അതിനിടെ കുട്ടിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും. കുട്ടിയെ തിരിച്ചെത്തിക്കാനായി കഴക്കൂട്ടം എസ്‌ഐ വി എസ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം വ്യാഴാഴ്ച വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. വ്യാഴം രാവിലെ കൊച്ചുവേളിയിൽനിന്നുള്ള കോർബ എക്‌സ്‌പ്രസിൽ പുറപ്പെട്ട സംഘം വെള്ളി ഉച്ചയോടെ വിശാഖപട്ടണത്തെത്തി കുട്ടിയെ ഏറ്റുവാങ്ങും. വിശാഖപട്ടണത്തെ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് നൽകിയശേഷം കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം അസിസ്‌റ്റന്റ് കമീഷണർ പി നിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് കോടതിയിൽ ഹാജരാക്കിയശേഷമായിരിക്കും രക്ഷിതാക്കൾക്ക് കുട്ടിയെ വിട്ട് കൊടുക്കുക. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേയും കോടതിയുടേയും നിർദേശപ്രകാരം കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇളയ സഹോദരങ്ങളോട് വഴക്കിട്ടതിന് അമ്മ തല്ലിയതിനെത്തുടർന്നാണ് ചൊവ്വാഴ്‌ച കുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിനിൽ കന്യാകുമാരിയിലെത്തി, അവിടുന്ന് മറ്റൊരു ട്രെയിനിൽ സഞ്ചരിക്കവേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ആൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് 14കാരിയെ കണ്ടെത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ട്രെയിനിൽ പരിശോധന നടത്തിയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അസോസിയേഷൻ പിആർഒ സുനിൽ കുമാർ പറഞ്ഞു.
നന്ദി പറഞ്ഞ് മാതാപിതാക്കൾ
വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് കാണാതായ 13 കാരിയുടെ മാതാപിതാക്കൾ. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു.
കുട്ടിയെ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ബബിത
കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത.
കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നു. കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ല. പിണങ്ങി വന്നതാണെന്ന് തോന്നിയില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കണ്ടപ്പോൾ ഫോട്ടോയെടുക്കാൻ തോന്നി. വെറുതെ എടുത്തുവച്ചേക്കാമെന്നേ കരുതിയിരുന്നുള്ളുവെന്നും ബബിത പറഞ്ഞു. കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത് അറിയുമായിരുന്നില്ല. രാത്രി നേരത്തേ ഉറങ്ങിപ്പോയിരുന്നു. പിന്നീട് മൂന്നുമണിക്ക് എണീറ്റപ്പോഴാണ് വാർത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു നൽകിയത്. കുട്ടിയെ കണ്ടെത്താൻ ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞതായും ബബിത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.