
താനൂരിൽ നിന്നും കാണാതായി മുംബൈയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്. യാത്രയോടുള്ള താല്പര്യം കൊണ്ട് പോയതാണെന്നാണ് കുട്ടികൾ പറയുന്നത്. എന്നാൽ എന്തിനാണ് പെൺകുട്ടികൾ പോയതെന്ന കാര്യം വിശദമായി ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ആറുമണിക്കാണ് പെൺകുട്ടികളെ കാണാതായ വിവരം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സജീവമായി ഇടപെട്ടു. ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. നാട്ടിൽ എത്തിച്ച ശേഷം കുട്ടികളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കൗൺസിലിങ്ങിന് വിധേയമാക്കുമെന്നും എസ്‌പി പറഞ്ഞു. പെൺകുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും ചോദ്യം ചെയ്യും. കുട്ടികളെ കണ്ടെത്തുന്നതിനായി മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചതായും കുട്ടികളോട് സംസാരിച്ചാല്‍ മാത്രമേ മറ്റ് വിവരങ്ങൾ അറിയാനാകൂവെന്നും എസ്‌പി കൂട്ടിച്ചേർത്തു. ബുധനാഴ്ച ഉച്ചയോടെ കാണാതായ താനൂർ ദേവധാർ സ്കൂളിലെ പ്ലസ‌്ടു വിദ്യാർത്ഥിനികളെ ഇന്നലെ പുലര്‍ച്ചെ മുംബൈക്കും പൂനെയ്ക്കും ഇടയിലുള്ള ലോണാവാലയില്‍ വച്ചാണ് കണ്ടെത്തിയത്. ഇവര്‍ പരീക്ഷയ്ക്കെത്താതിരുന്നതിനാല്‍ സ്കൂള്‍ അധികൃതര്‍ വിവരം വീട്ടിലറിയിച്ചപ്പോഴാണ് കുട്ടികളെ കാണാതായതായി വ്യക്തമായത്.
പെണ്‍കുട്ടികള്‍ താനൂരില്‍ നിന്നും കോഴിക്കോട്ടെത്തിയാണ് മുംബൈയിലേക്ക് ട്രെയിന്‍ കയറിയത്. നേത്രാവതി എക്സ്പ്രസില്‍ പന്‍വേലില്‍ ഇറങ്ങിയശേഷം ട്രെയിനില്‍ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനല്‍സിലെത്തി. അവിടെയടുത്ത് മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ എത്തി മുടി വെട്ടി. ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുട്ടികള്‍ മുംബൈയില്‍ എത്തിയതായി സ്ഥിരീകരിച്ചത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മഞ്ചേരി സ്വദേശിയായ യുവാവും പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയിരുന്നു. പെണ്‍കുട്ടികളുടെ നിര്‍ബന്ധത്താലാണ് യുവാവ് ഇവരോടൊപ്പം പോയതെന്നാണ് കുടുംബം വ്യക്തമാക്കിയത്. തുടര്‍ന്ന് പൊലീസ് യുവാവിനെ ബന്ധപ്പെട്ട് മുംബൈയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചു. ഇതിനിടെ യുവാവിനെ വിട്ട് പെണ്‍കുട്ടികള്‍ യാത്ര തുടരുകയായിരുന്നു. ഇന്നലെ രാവിലെ താനൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മുംബൈ വഴി പൂനെയിലെത്തി പെണ്‍കുട്ടികളെ ഏറ്റെടുത്തു. വീട്ടിലെ പ്രശ്നങ്ങള്‍ മൂലമാണ് നാടുവിട്ടതെന്നും വീട്ടിലേക്ക് പോകാന്‍ താല്പര്യമില്ലെന്നും പെണ്‍കുട്ടികള്‍ പൂനെയില്‍ വച്ച് മലയാളി സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും പിന്നീട് നാട്ടിലേക്ക് പോകാന്‍ സമ്മതമാണെന്ന് റെയില്‍വേ പൊലീസിനെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.