12 December 2025, Friday

Related news

December 12, 2025
October 27, 2025
October 21, 2025
October 15, 2025
September 17, 2025
September 16, 2025
September 16, 2025
September 2, 2025
August 5, 2025
August 1, 2025

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം : മന്ത്രി വീണാാ ജോര്‍ജ്ജ്

Janayugom Webdesk
തിരുവനന്തപുരം
December 12, 2025 4:30 pm

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. വിവിധ സ്കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.ഈ പദ്ധതി വഴി 43.7 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു.

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ദിനമാണ്. എല്ലാവര്‍ക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ സാമ്പത്തിക ഭാരമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ദിനം. ആരും ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ പിന്നിലാക്കപ്പെടാതിരിക്കുക, ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ആളുകള്‍ തള്ളപ്പെടാതിരിക്കുക, ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള സര്‍ക്കാരുകളുടെയും ആഗോള സംഘടനകളുടെയും പ്രതിബദ്ധത കൂട്ടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗജന്യ ചികിത്സയില്‍ മാതൃകയാണ് കേരളം. കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7627 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 593 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി. ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. 

നിലവില്‍ ഉണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്. പൊതു സ്വകാര്യ മേഖലകളില്‍ നിന്നും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികള്‍ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റ തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.