13 December 2025, Saturday

Related news

October 18, 2025
October 12, 2025
September 16, 2025
July 13, 2025
May 19, 2025
April 2, 2025
March 19, 2025
January 4, 2025
August 25, 2024
January 10, 2024

സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
August 21, 2023 4:34 pm

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ഒരുക്കിയ ‘എസ്‌കലേറ’. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സമ്പൂര്‍ണമായുള്ള ശാക്തീകരണവും മുന്നേറ്റവുമാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സാമൂഹികമായ ശാക്തീകരണം അതിന്റെ സമ്പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുന്നത് സാമ്പത്തിക ശാക്തീകരണത്തിലൂടെയാണ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വാശ്രയത്തവും സ്വാതന്ത്ര്യവുമുള്ളവരാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ലക്ഷ്യം. അല്ലാത്ത സ്വാതന്ത്ര്യം പൂര്‍ണമല്ല. അതിന്റെ ഭാഗമായിട്ടാണ് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ നല്‍കി വരുന്നത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ വായ്പയായി നല്‍കിയ 1152 കോാടി രൂപയില്‍ 945 കോടി രൂപയും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലാണ്. ഈ 945 കോടി രൂപയില്‍ 499.05 കോടിയും നല്‍കിയത് രണ്ടര വര്‍ഷത്തിനിടെയാണ്. ഒരുപാട് പേരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുന്നുവെന്നത് ഇതിലൂടെ വ്യക്തം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രത്യക്ഷമായും പരോക്ഷമായും 70582 പേര്‍ക്ക് കോര്‍പ്പറേഷന്റെ ഇടപെടലിലൂടെ തൊഴിലവസരം ഉണ്ടാക്കാന്‍ സാധിച്ചു. രണ്ടര വര്‍ഷത്തിനുള്ളില്‍ മുപ്പത്തിയ്യായിരത്തില്‍ അധികം ആളുകള്‍ക്കും നേരിട്ട് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നത് വളരെ അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാരും വനിതാ ശിശുവികസന വകുപ്പും വനിതാ വികസന കോര്‍പ്പറേഷനും കാണുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തു പിടിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. വനമിത്രയെന്ന വനിതാ വികസന കോര്‍പ്പറേഷന്റെ പദ്ധതിക്ക് ദേശീയ പുരസ്‌കാരം തന്നെ ലഭിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജോലി കിട്ടി ദൂരെ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകേണ്ടി വരുന്നവര്‍ക്കും കുഞ്ഞുങ്ങളുള്ളവര്‍ക്കും വനിതാ വികസന കോര്‍പ്പറേഷന്‍ പതിനൊന്ന് ജില്ലകളില്‍ നടത്തുന്ന ഹോസ്റ്റലുകള്‍ വലിയ ആശ്വാസമാകുന്നുണ്ട്. ആലപ്പുഴ, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഹോസ്റ്റല്‍ സജ്ജമാക്കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. അമ്മമാര്‍ ഓഫീസുകളില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങളെ ഡേകെയറുകളിലാക്കാനും തിരിച്ചെത്തുമ്പോള്‍ കൂടെ താമസിപ്പിക്കാനും കഴിയുന്നു. ഹോസ്റ്റല്‍ നടത്തി വരുമാനം ഉണ്ടാക്കുകയെന്നതല്ല കോര്‍പ്പറേഷന്‍ ചെയ്യുന്നത്. സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന സാഹചര്യങ്ങളെ മനസിലാക്കി അതിനുള്ള പരിഹാരം കാണാന്‍ സഹായിക്കുകയാണ് ഇതിലൂടെ കോര്‍പ്പറേഷനെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.

കോഴിക്കോട് നടക്കുന്ന ഈ മേളയില്‍ 113 പേര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ പിന്തുണയോടെ സംരംഭകത്വം തുടങ്ങി മുന്നോട്ട് പോകുന്നവരാണ്. 12 സംരംഭകരാണ് കേരളത്തിന് പുറത്ത് നിന്നും എത്തിയിട്ടുള്ളത്. കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ നിര്‍ദേശിച്ച സംരംഭകരാണ് ഇവര്‍. കുടുംബശ്രീ അംഗങ്ങളും മേളയിലുണ്ട്. പരസ്പരം അനുഭവങ്ങള്‍ പങ്കുവെച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ഇതിലൂടെ കഴിയും. എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന, വൈവിധ്യങ്ങളുടെ നാടാണ് കോഴിക്കോട്. ഇവിടെ നിന്ന് തന്നെ വനിതാ സംരംഭകര്‍ക്കുള്ള പ്രൊജക്ട് കണ്‍സള്‍ട്ടന്‍സിയുടെ ഭാഗമായുള്ള ഈ മേള ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോര്‍പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി ചടങ്ങിന് സ്വാഗതം പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

Eng­lish Sum­ma­ry: The goal is to make women eco­nom­i­cal­ly inde­pen­dent: Min­is­ter Veena George

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.