10 December 2025, Wednesday

‘ഹെവി മെറ്റലിന്റെ ഗോഡ്ഫാദർ’; ഓസ്സി ഓസ്‌ബോൺ അന്തരിച്ചു

Janayugom Webdesk
ലണ്ടൻ
July 23, 2025 11:38 am

‘ഹെവി മെറ്റലിന്റെ ഗോഡ്ഫാദർ’ എന്ന് അറിയപ്പെടുന്ന പ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ഓസ്സി ഓസ്‌ബോൺ(76) അന്തരിച്ചു. തന്റെ അവസാനത്തെ ലൈവ് പെർഫോമൻസായിരിക്കുമെന്ന് അദ്ദേഹം ആരാധകരെ അറിയിച്ച ‘ബാക്ക് ടു ദി ബിഗിനിങ്’ എന്ന ഫെയർവെൽ ഷോ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രശസ്ത റോക്ക് ബാൻഡായ ബ്ലാക്ക് സാബത്തിന്റെ മുഖ്യ ഗായകനായിരുന്നു ഓസ്‌ബോൺ.

1968‑ലാണ് ഓസ്‌ബോൺ ബ്ലാക്ക് സാബത്തിന്റെ സ്ഥാപക അംഗമാകുന്നത്. ഹെവി മെറ്റൽ സംഗീതത്തിന്റെ വളർച്ചയിൽ ഈ ബാൻഡ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ‘പാരനോയിഡ്’(1970), ‘മാസ്റ്റർ ഓഫ് റിയാലിറ്റി’(1971), ‘സബത്ത് ബ്ലഡി സബത്ത്’ (1973) തുടങ്ങിയ ആൽബങ്ങൾക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ചു. 1979‑ൽ അമിതമായ മദ്യപാനവും ലഹരി ഉപയോഗവും കാരണം ഓസ്‌ബോണിനെ ബ്ലാക്ക് സാബത്തിൽ നിന്ന് പുറത്താക്കി.
തുടർന്ന് അദ്ദേഹം സ്വന്തമായി ഗാനങ്ങൾ നിർമ്മിക്കാൻ തുടങ്ങി. 1980‑ൽ പുറത്തിറങ്ങിയ ‘ബിസാഡ് ഓഫ് ഓസ്’ എന്ന ആൽബമാണ് ഒറ്റയ്ക്ക് നിർമ്മിച്ച അദ്ദേഹത്തിന്റെ ആദ്യ ആൽബം. പിന്നീട് 13 സ്റ്റുഡിയോ ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കി. ബാൻഡിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും അദ്ദേഹം ബ്ലാക്ക് സാബത്തുമായി പലതവണ സഹകരിച്ചു. 1977‑ൽ അദ്ദേഹം വീണ്ടും ബാൻഡിന്റെ ഭാഗമാവുകയും ബ്ലാക്ക് സാബത്തിന്റെ അവസാന സ്റ്റുഡിയോ ആൽബമായ ‘13’ (2013) റെക്കോർഡ് ചെയ്യാൻ സഹായിക്കുകയും ചെയ്തിരുന്നു. 2000‑ന്റെ തുടക്കത്തിൽ എംടിവി റിയാലിറ്റി ഷോ ആയ ‘ദി ഓസ്‌ബോൺസ്‘ന്റെ ഭാഗമായതോടെ അദ്ദേഹം ഒരു റിയാലിറ്റി ടെലിവിഷൻ താരമായും അറിയപ്പെട്ടു. 2025 ജൂലൈ 5‑ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ‘ബാക്ക് ടു ദി ബിഗിനിങ്’ എന്ന തന്റെ അവസാന ഷോ അവതരിപ്പിച്ചു. എന്നാൽ, പെർഫോമൻസിന് 17 ദിവസങ്ങൾക്ക് ശേഷം, ഓസ്സി ഓസ്‌ബോൺ ഈ ലോകത്തോട് വിട പറയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.