വിവാദമായ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് കയ്യേറിയ പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുത്തു. ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ സ്ഥലത്തെത്തി സർക്കാർ വക ഭൂമി എന്നെഴുതിയ ബോർഡ് സ്ഥാപിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിച്ചു മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിന്റെ ബാക്കി വരുന്ന രണ്ടു ഹെക്ടറിൽ അധികം സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ റിസോർട്ട് അധികൃതർ രണ്ടു ദിവസത്തിനുള്ളിൽ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കും. ഈ പ്ലാൻ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച് അംഗീകരിച്ച ശേഷമായിരിക്കും പൊളിക്കൽ നടപടികൾ ആരംഭിക്കുക. ഒരാഴ്ച്ചക്കുള്ളിൽ പൊളിക്കൽ നടപടികൾ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. പൊളിക്കുന്ന അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആറു മാസത്തിനുള്ളിൽ നീക്കം ചെയ്യും. നടപടികൾ ആരംഭിക്കുന്നതിനു മുൻപ് റിസോർട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങൾ ഉൾപ്പെടുത്തി വീഡിയോ മഹസർ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി.
പൊളിച്ചു മാറ്റൽ നടപടികൾക്കായി താത്കാലികമായോ സ്ഥിരമായോ മറ്റൊരു നിർമാണ പ്രവർത്തനങ്ങളും ഇവിടെ നടത്താൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി. ഏബ്രാഹം, സർവേ ഡെപ്യൂട്ടി ഡയറക്ടർ സോമനാഥ്, ചേർത്തല തഹസിൽദാർ കെ ആർ മനോജ്, പാണാവള്ളി വില്ലജ് ഓഫീസർ കെ ബിന്ദു തുടങ്ങിയവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.
English Summary: The government has taken over the resort encroachment in Panavalli
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.