
പൊതുവിപണിയില്‍ കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടു. സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറഞ്ഞു. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്കെത്തി. തിങ്കളാഴ്ച മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്കെത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പറഞ്ഞതിലും നാല് ദിവസം മുമ്പേ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എണ്ണ എത്തി. ആവശ്യത്തിന് സ്റ്റോക്ക് എല്ലാ ഔട്ട്‌ലെറ്റുകളിലും ഉണ്ട്.
സപ്ലൈകോയില്‍ നിന്ന് ഒരു കാര്‍ഡിന് സബ്സിഡി നിരക്കില്‍ ശബരി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്കും അര ലിറ്ററിന് 179 രൂപയ്ക്കും ലഭിക്കും. സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപയും അര ലിറ്ററിന് 219 രൂപയും ലഭ്യമാക്കും. ഇന്നലെ മുതല്‍ ലിറ്ററിന് 457 രൂപയ്ക്ക് കേരഫെഡിന്റെ വെളിച്ചെണ്ണയും സപ്ലൈകോയിലൂടെ നല്‍കി തുടങ്ങി. കേരഫെഡ് കൊടുക്കുന്ന ഹോള്‍സെയില്‍ റേറ്റാണ് ഇത്. ആ വിലയ്ക്ക് തന്നെ സപ്ലൈകോയില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കും.
പൊതുവിപണിയില്‍ വെളിച്ചെണ്ണ വില അഞ്ഞൂറിനു മേല്‍ ഉയര്‍ന്നതിനു പിന്നാലെയാണ് വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓണത്തിനു മുമ്പുള്ള സര്‍ക്കാര്‍ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ വെളിച്ചെണ്ണ എത്തിയതോടെ വിപണിയില്‍ എണ്ണ വില ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. അടുത്ത ടെന്‍ഡറിലൂടെ കുറച്ചുകൂടി വിലകുറച്ച് നല്‍കാന്‍ കേര, കേരജ എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഓണത്തിന് മുന്നോടിയായി കുറച്ചുകൂടി വില കുറച്ച് വെളിച്ചെണ്ണ നല്‍കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.