
ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല. മറിച്ച് അതിന്റെ സുഹൃത്തും ദാര്‍ശനികനും വഴികാട്ടിയുമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയും ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ഇത് വെറുമൊരു പ്രസ്താവനയല്ല. ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും ആണ്. ഈ അധികാരങ്ങളും ചുമതലകളും ഇനി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ പഠിക്കും. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന എട്ടാം അധ്യായത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും വിശദമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ എന്ന ഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അച്ചടി പൂര്‍ത്തീകരിച്ച പുതിയ പുസ്തകം ഇന്നലെ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി.
കേന്ദ്രത്തിലേതു പോലെ സംസ്ഥാനങ്ങളിലും പാര്‍ലമെന്ററി വ്യവസ്ഥയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍. യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിലാണ്. അതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണം എന്നും ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അതും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണെന്ന് മുഖവുരയായി പറയുന്നുണ്ട്. മാറിമാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ നേരിട്ടും ഗവര്‍ണര്‍മാര്‍ മുഖേനയും സംസ്ഥാനങ്ങളുടെ അവകാശത്തില്‍ ഇടപെടുന്നുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നതും നമുക്ക് കാണാനാകും. ഇത്തരം നീക്കങ്ങളാണ് കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളെ പ്രധാനമായും കലുഷിതമാക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടാകുന്ന നിയമപരമായ തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കാന്‍ ജുഡീഷ്യറിക്കാണ് അധികാരമെന്നും ഈ അധ്യായത്തില്‍ പറയുന്നു.
ഗവര്‍ണറുടെ നിയമനിര്‍മ്മാണ അധികാരങ്ങള്‍, കാര്യനിര്‍വഹണ അധികാരങ്ങള്‍, നീതിന്യായ അധികാരങ്ങള്‍, വിവേചന അധികാരങ്ങള്‍ എന്നിവ വിശദമായി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭ വിളിച്ചുചേര്‍ക്കുക, സഭാസമ്മേളനങ്ങള്‍ അവസാനിക്കുന്നതായി പ്രഖ്യാപിക്കുക, സഭ പിരിച്ചുവിടുക, സഭയെ അഭിസംബോധന ചെയ്യുക, സഭ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക, ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക, ബജറ്റും ധനബില്ലുകളും സഭയില്‍ അവതരിപ്പിക്കുന്നതിനുവേണ്ട മുന്‍കൂര്‍ അനുമതി നല്‍കുക എന്നീ നിയമ നിര്‍മ്മാണ അധികാരങ്ങള്‍ വിശദമായി തന്നെ പറയുന്നുണ്ട്. നിയമസഭയിലേക്ക് ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭ രൂപീകരണ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരം പ്രയോഗിക്കാവുന്നതാണെന്നതുള്‍പ്പെടെ ഗവര്‍ണര്‍ക്കുള്ള വിവേചന അധികാരങ്ങളും കുട്ടികള്‍ ഇനി പഠിക്കും. ഒക്ടോബര്‍ മുതലാണ് സമൂഹ്യശാസ്ത്രത്തിലെ രണ്ടാം ഭാഗം കുട്ടികള്‍ക്ക് പഠിപ്പിച്ചു തുടങ്ങുക.
ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്നലെ പുസ്തകം പുറത്തിറക്കിക്കൊണ്ട് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റേത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്ന രീതിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.