21 February 2026, Saturday

Related news

February 19, 2026
February 13, 2026
February 13, 2026
February 9, 2026
February 7, 2026
February 4, 2026
February 4, 2026
January 28, 2026
January 28, 2026
January 19, 2026

ക്ഷേത്രപരിസരങ്ങള്‍ ആയുധപരിശീലനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
തിരുവനന്തപുരം
September 12, 2023 10:15 am

ക്ഷേത്ര പരിസരങ്ങള്‍ ആയുധപരിശീലനത്തിനും മാസ് ഡ്രില്ലിനുമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ ശാര്‍ക്കര ദേവീക്ഷേത്ര വളപ്പ് കയ്യേറി ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നു എന്നുകാട്ടി ജി വ്യാസന്‍, കെ വിജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് പി ജി അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ഷേത്രപരിസരത്ത് മോസ് ഡ്രില്ലും ആയുധപരിശീലനവും തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കും ശാര്‍ക്കര ദേവി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

ക്ഷേത്രപരിസരത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭക്തര്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വ്യാസന്‍, വിജയകുമാര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. സം ഘടനാ പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് പുകയില ഉപയോഗിക്കുന്നത് സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികളും അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, സന്നിധാനത്തിന്റെ വിശുദ്ധിയെയും ദൈവീകതെയെയും ബാധിക്കുന്നു, ആയുധ പരിശീലനത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിക്കുന്നു തുടങ്ങിയവയായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത്.

ക്ഷേത്രത്തിലെ ആയുധ പരിശീലനം തടയണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നടത്തുന്നില്ലെന്നും ഈ കേസ് തീര്‍ത്തും രാഷ്ട്രീയ പ്രേരിതവും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും ആര്‍എസ്എസ് വാദിച്ചു. 2021 മാര്‍ച്ച് 30ന് ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നിര്‍ത്തുന്നത് സംബന്ധിച്ചുള്ള ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ഹര്‍ജിക്ക് പിന്നാലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായും ക്ഷേത്രത്തിന് ഗേറ്റ് സ്ഥാപിക്കണമെന്ന അപേക്ഷ മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്നും അധികൃതര്‍ അറിയിച്ചു. ക്ഷേത്ര പരിസരത്ത് മാസ് ഡ്രില്ലും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി ആര്‍എസ്എസിന് നോട്ടീസ് നല്‍കുകയും അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ക്ഷേത്രസ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യാനും നിത്യപൂജ നടത്താനും ദേവസ്വം ബോര്‍ഡിന് ചുമതലയുണ്ടെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ ആചാരങ്ങളും ഉത്സവങ്ങളും സുഗമമായി നടത്തുന്നതിന് ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സഹായം നല്‍കാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: The High Court said that tem­ple premis­es can­not be used for weapons train­ing and drill

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.