
കുങ്കിയാനകൾ ഉൾവനത്തിലേക്ക് തുരത്തിയ കാട്ടുകൊമ്പന്മാർ കുങ്കികളുടെയും വനപാലകരുടെയും കണ്ണും വെട്ടിച്ച് വീണ്ടും ജനവാസമേഖലയിലെത്തി നാശം വിതച്ചു. മൂടക്കൊല്ലി അമ്പലത്തിന് സമീപം പാമ്പാറയിൽ വിലാസിനിയുടെ വീടിന് നേരെയാണ് കാട്ടുകൊമ്പന്റെ ആക്രമണം നടത്തിയത്. ഇന്നലെ പുലർച്ച രണ്ട് മണിയോടുകൂടിയാണ് സംഭവം. വാകേരി മൂടക്കൊല്ലി മേഖലയിലെ ജനവാസമേഖലയിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയ കാട്ടുകൊമ്പന്മാരെ കുങ്കിയാനകളെ വെച്ച് കഴിഞ്ഞ ദിവസമാണ് ഉൾവനത്തിലേയ്ക്ക് തുരത്തിയത്. ഒരു ദിവസം മാത്രം വനത്തിൽ തങ്ങിയ കാട്ടുകൊമ്പൻ വനാതിർത്തിയിൽ കാവൽ നിൽക്കുന്ന കുങ്കികളുടെ കണ്ണ് വെട്ടിച്ചെത്തിയാണ് വനത്തിലേയ്ക്ക് ഓടിച്ചുവിട്ടതിന്റെ കലി വീടിന് നേരെ തീർത്തത്. കൊമ്പന്റ ആക്രമണത്തിൽ വീടിന് നേരിയ കേട് പാട് സംഭവിച്ചു. കാട്ടാനയെ ഉൾവനത്തിലേയ്ക്ക് തുരത്തിയതോടെ താൽക്കാലികമായെങ്കിലും കാട്ടാനയുടെ ശല്യം ഉണ്ടാകുകയില്ലെന്ന് പ്രദേശവാസികൾ ആശ്വസിച്ചിരിക്കെയാണ് ഇന്നലെ പുലർച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലർച്ചെ ശബ്ദം കേട്ടാണ് വിലാസിനിയുടെ ഇളയ മകനും ഭാര്യയും താമസിക്കുന്ന ഷെഡിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയത്.
ഇവരെ കണ്ടപാടെ കാട്ടുകൊമ്പൻ ഓടിയടുത്തു. ഈ സമയം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് ഇവർ ഓടി കയറിയതിനാൽ ആനയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. ആളെ കിട്ടാതെ വന്നതോടെ തുമ്പിക്കൈ അകത്തേയ്ക്ക് ഇട്ട് പരതി. സിറ്റൗട്ടിൽകയറി നിലയുറപ്പിച്ച ആന ചിന്നം വിളിച്ച് കൊണ്ട് നിലത്ത് കൊമ്പ് കൊണ്ട് കുത്തുകയും ചെയ്തു. ഇവരുടെ വീട് നിർമ്മാണം നടക്കുന്നതിനാൽ പുറത്തെ ഷെഡിലായിരുന്നു താമസം. ആനയുടെ പിടിയിൽ നിന്ന് മകനും മരുമകളും ഓടി പണിതുകൊണ്ടിരിക്കുന്ന വീട്ടിൽ കയറി രക്ഷപ്പെട്ടപ്പോൾ വിലാസിനിയും മകന്റെ കുട്ടികളും സമീപത്തെ ഷെഡിൽ ഭയന്ന് കഴിയുകയായിരുന്നു.
സിറ്റൗട്ടിൽ കയറി നിന്ന ആന അൽപ്പ നിമിഷത്തിന് ശേഷം അവിടെ നിന്ന് പിൻവാങ്ങി. ആളെ കിട്ടാത്തിന്റെ കലി സമീപത്തെ നെടിയാങ്കൽ ബിനുവിന്റെ കോഴിക്കൂട് തട്ടിമറിച്ചിട്ടും തീർത്തു. കൂടാതെ തോട്ടത്തിലെ വാഴകൾ പിഴുതെറിയുകയും ചെയ്തു. നേരം പുലർന്നതോടെയാണ് ആന ജനവാസമേഖലയിൽ നിന്ന് പിൻവാങ്ങിയത്. ഇക്കഴിഞ്ഞ എട്ടാം തീയ്യതിയാണ് മൂടക്കൊല്ലി മുക്തിമല അഭിലാഷിനെ കാട്ടാന ആക്രമിച്ചത്. ജനരോക്ഷത്തെ തുടർന്ന് ശല്യക്കാരായ കാട്ടാനകളെ ഉൾ വനത്തിലേയ്ക്ക് തുരത്താൻ കുങ്കിയാനകളെ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം കാട്ടുകൊമ്പന്മാരെ ഉൾവനത്തിലേയ്ക്ക് കയറ്റി വിടുകയും ചെയ്തു. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും വീണ്ടും കാട്ടാനയെത്തി. സ്ഥിരമായി ജനവാസമേഖലയിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനകളെ പിടികൂടി പന്തിയിലടക്കുകയോ ഉൾവനത്തിലേയ്ക്ക് കൊണ്ടുപോയി വിടുകയോ ചെയ്യാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസമേഖലയിലിറങ്ങിവരുന്ന കാട്ടാനയെ വനത്തിൽ തന്നെ പ്രതിരോധിച്ച് നിർത്തുക എന്നത് ഏറെ ദുഷ്‌ക്കരമാണ്. അതിനാൽ ആനയെ പിടികൂടി മേഖലയിൽ നിന്ന് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.