
ഗാസയിലെ ഇസ്രയേല്‍ നരനായാട്ടിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐക്യരാഷ്ട്രസഭ സംഘം. പ്രത്യേക പ്രതിനിധികളായ ഫ്രാൻസെസ്ക അൽബനീസ്, ഐറിൻ ഖാൻ, മേരി ലോലർ, ജോർജ് കാട്രൂഗലോസ് എന്നിവരാണ് പലസ്തീനിൽ ഇസ്രയേൽ ആസൂത്രണം ചെയ്ത മനുഷ്യ ദുരന്തത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 710 ദിവസത്തിനിടെ ഏകദേശം 64,871 പലസ്തീനികളെ ഇസ്രയേല്‍ പ്രതിരോധ സേന കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര ഗവേഷകർ സമാഹരിച്ച ഈ അമ്പരപ്പിക്കുന്ന കണക്ക്, എല്ലാ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും പൂർണ കണക്കെടുപ്പ് നടത്തിയാൽ ഇനിയും ഉയർന്നേക്കാം.
പത്രപ്രവർത്തകരായ 252, ഐക്യരാഷ്ട്രസഭയിലെ ജീവനക്കാരിൽ 346 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഡോക്ടർമാരും രോഗികളും ഉൾപ്പെടെയുള്ള 10,000 പലസ്തീനികളെ തടവിലാക്കിയിട്ടുണ്ട്. പട്ടിണി, പീഡനം, ബലാത്സംഗം തുടങ്ങി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ആക്രമണങ്ങളാണ് തടവുകാര്‍ അനുഭവിക്കേണ്ടിവരുന്നത്. ഗാസ സിറ്റി ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേല്‍ നിലവില്‍ നടത്തുന്നത്. ഇസ്രയേലി തീവ്ര വലതുപക്ഷ നേതാക്കള്‍ വെസ്റ്റ് ബാങ്കിന്റെ മുഴുവൻ ഭാഗങ്ങളും പിടിച്ചെടുക്കാനുള്ള പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതായും റിപ്പോർട്ടുണ്ട്. പലസ്തീനികള്‍ക്ക് സുരക്ഷിതമായ ഒരിടവും ബാക്കിയില്ലെന്ന് പ്രത്യേക പ്രതിനിധികളുടെ കണ്ടെത്തലുകളും ആവര്‍ത്തിക്കുന്നു.
അതേസമയം, അമേരിക്ക, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനികളുടെ ദുരിതങ്ങള്‍ സാധാരണവൽക്കരിക്കുകയും വംശഹത്യയില്‍ നിന്ന് ലാഭം നേടുകയും ചെയ്യുന്നു. 1948 ലെ വംശഹത്യ കൺവെൻഷനിൽ ഒപ്പുവച്ച ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇസ്രയേലുമായുള്ള ആയുധ വ്യാപാരവും നയതന്ത്ര സാധാരണവൽക്കരണവും തുടരുന്നത് കൂടുതൽ ഭയാനകമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ധാർമ്മികമായി തെറ്റ് മാത്രമല്ല, നിയമവിരുദ്ധമാണെന്നും അല്‍ബനീസ് പറയുന്നു. ഇസ്രയേൽ വംശഹത്യയാണ് നടത്തുന്നതെന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും കഴിഞ്ഞ ആഴ്ച, മോഡി സര്‍ക്കാര്‍ ഇസ്രയേലുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു.
ഇസ്രയേല്‍ മാത്രമല്ല ഗാസയില്‍ കുറ്റം ചെയ്യുന്നത്. പങ്കാളിത്തം, ഫണ്ടുകൾ, ആയുധങ്ങൾ, രാഷ്ട്രീയ പിന്തുണ എന്നിവ നല്‍കുന്നതിലൂടെ ലോകം മുഴുവനും കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നുവെന്ന് അല്‍ബനീസ് വ്യക്തമാക്കി. ഓഷ്വിറ്റ്സ് മുതൽ ബോസ്നിയ വരെയും, റുവാണ്ട മുതൽ ഇന്ത്യയുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരെ ആവർത്തിച്ച് നടന്ന എണ്ണമറ്റ വംശഹത്യകൾ വരെയും വ്യാപിച്ചുകിടക്കുന്ന ശൃംഖലയിലെ മറ്റൊരു കണ്ണിയാണ് ഗാസയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഗാസയില്‍ അരങ്ങേറുന്ന വംശഹത്യ വ്യത്യസ്തമാണ്. വര്‍ത്തമാനകാലത്തെ അന്താരാഷ്ട്ര നിയമക്രമത്തിന്റെ തകർച്ചയാണ് അത് സൂചിപ്പിക്കുന്നതെന്ന് അല്‍ബനീസ് പറയുന്നു. മാധ്യമപ്രവർത്തകർക്ക് ഇതുവരെ കണ്ടത്തില്‍ വച്ച് ഏറ്റവും മാരകമായ സംഘർഷമായി ഗാസ മാറിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമഹായുദ്ധങ്ങൾ, വിയറ്റ്നാം യുദ്ധം, യുഗോസ്ലാവിയയിലെ യുദ്ധങ്ങൾ, അഫ്ഗാനിസ്ഥാൻ യുദ്ധം എന്നിവയേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ ചൂണ്ടിക്കാട്ടി. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഏകദേശം 252 പത്രപ്രവർത്തകരെ ഐഡിഎഫ് ആസൂത്രിതമായി കൊലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം മാത്രം, മൂന്ന് ഭയാനകമായ രക്തരൂക്ഷിത സംഭവങ്ങളിലായി ഒമ്പത് പത്രപ്രവർത്തകർ കൊല്ലപ്പെട്ടു. അതിക്രമങ്ങൾ, കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവ തുറന്നുകാട്ടുന്നതിനാല്‍ റിപ്പോർട്ടർമാരെ മനഃപൂർവം തെരഞ്ഞുപിടിച്ച് കൊല്ലുകയാണ്. മാധ്യമപ്രവർത്തകരെ തീവ്രവാദികളെന്ന് മുദ്രകുത്തി വ്യാജപ്രചാരണവും നടത്തുന്നുവെന്ന് ഐറിന്‍ പറയുന്നു.
പശ്ചിമേഷ്യയില്‍ അന്താരാഷ്ട്ര നിയമ ക്രമം ദുർബലപ്പെടുകയാണ്. ഇറാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും മിക്കവാറും എല്ലാ അയല്‍രാജ്യങ്ങള്‍ക്കുമെതിരെ ഇസ്രയേൽ നടത്തുന്ന ഒന്നിലധികം ആക്രമണങ്ങളിലൂടെ ഗുരുതര നിയമലംഘനങ്ങള്‍ നടക്കുകയാണെന്നും പ്രത്യേക പ്രതിനിധികള്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.