
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വിശപ്പ് അനുഭവിക്കുന്ന സ്ഥലം ഗാസയാണെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). പലസ്തീൻ പ്രദേശത്തെ മുഴുവൻ ജനങ്ങളും ക്ഷാമത്തിന്റെ ഭീഷണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ജനസംഖ്യയുടെ നൂറ് ശതമാനവും ക്ഷാമത്തിന് ഇരയാകുന്നതായി യുഎൻ ഓഫിസ് ഫോർ ദി കോ ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് മേധാവി ടോം ഫ്ലെച്ചര്‍ പറഞ്ഞു. ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന ബുദ്ധിമുട്ടുകൾ ലാർക്ക് വിശദീകരിച്ചു.
ഉപരോധം ഭാഗികമായി നീക്കിയതിനുശേഷം 90 സഹായ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍ അനുവദിച്ചു. അതിര്‍ത്തികളില്‍ 600 ട്രക്കുകളാണ് അനുമതി കാത്ത് കിടക്കുന്നത്. അതിര്‍ത്തിയുടെ മറുവശത്ത് പട്ടിണി കിടക്കുന്ന മനുഷ്യരുണ്ടായിട്ടും അതിന് പ്രവേശനാനുമതി ലഭിക്കുന്നില്ല. ഗാസയിലെ ജനങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ വേണ്ടിയാണിതെന്നാണ് ഇസ്രയേലി മന്ത്രിമാര്‍ പറയുന്നത്. ഗാസയിലേക്ക് സഹായം എത്തിക്കേണ്ടത് ലോകത്തിന്റെ ഉത്തരവാദിത്തമാണെന്നും ഫ്ലെച്ചര്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. നിര്‍ബന്ധിത പട്ടിണിക്ക് വിധേയമാക്കുന്നത് ഒരു യുദ്ധകുറ്റമാണെന്നും വ്യക്തമായും കോടതി വിധി പറയേണ്ട വിഷയങ്ങളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസത്തോളം നീണ്ടുനിന്ന ഉപരോധം മൂലം ഭക്ഷണം, മരുന്ന്, ഇന്ധനം, പാര്‍പ്പിടം തുടങ്ങിയ സാധനങ്ങളുടെ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയായിരുന്നു ഭക്ഷണ ട്രക്കുകളടക്കം ഗാസയിലേക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ അനുവദിച്ചത്. അമേരിക്കയുടെ പിന്തുണയുള്ളതും ഇസ്രയേൽ അംഗീകരിച്ചതുമായ ഒരു സ്വകാര്യ ലോജിസ്റ്റിക് ഗ്രൂപ്പായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ഭക്ഷണ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ യുഎന്നോ മറ്റ് സഹായ ഏജന്‍സികളോ ഇതിന്റെ ഭാഗമല്ല. കഴിഞ്ഞ ദിവസം ജിഎച്ച്എഫിന്റെ വിതരണ കേന്ദ്രത്തില്‍ ഇസ്രയേല്‍ സെെന്യം വെടിവയ്പ് നടത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.
അതിനിടെ, വെടിനിര്‍ത്തല്‍ കരാറിനുള്ള യുഎസ് നിര്‍ദേശം സമഗ്രമായി അവലോകനം ചെയ്യുകയാണെന്ന് ഹമാസ് വ്യക്തമാക്കി. നിര്‍ദിഷ്ട പദ്ധതി പലസ്തീനികളുടെ ന്യായവും നിയമാനുസൃതവുമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അവതരിപ്പിച്ച കരട് കരാർ ഇസ്രായേൽ അംഗീകരിച്ചതായി ബെഞ്ചമിൻ നെതന്യാഹു ബന്ദികളുടെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഹമാസ് പൂർണമായും നിരായുധീകരിക്കണമെന്നും ഒരു സൈനിക, ഭരണ സേന എന്ന നിലയില്‍ സംഘത്തെ പിരിച്ചുവിടണമെന്നും തടവിലാക്കപ്പെട്ട 58 ബന്ദികളെ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുന്നതിന് മുമ്പ് തിരികെ നൽകണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം.
ഔപചാരികമായി അധികാരം ഉപേക്ഷിച്ചാലും, ഒരു ശാശ്വത വെടിനിർത്തലും പിൻവാങ്ങലും ഹമാസിന് ഗാസയിൽ കാര്യമായ സ്വാധീനം നൽകുമെന്നാണ് ഇസ്രയേലിന്റെ ആശങ്ക. മറുവശത്ത്, ഇസ്രായേൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് യുദ്ധം പുനരാരംഭിച്ചേക്കുമെന്ന് ഹമാസ് ഭയപ്പെടുന്നു, കരാർ പ്രകാരം 60 ദിവസത്തിനുശേഷം ഇസ്രായേൽ സർക്കാരിന് ഇത് ചെയ്യാൻ അനുവാദമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.