
റാപ്പർ വേടൻ ലഹരി ഉപയോഗിച്ച ശേഷം 5 തവണ പീഡിപ്പിച്ചുവെന്നും പല തവണയായി പണം വാങ്ങിയെന്നും യുവ ഡോക്ടറുടെ മൊഴി. വിവാഹ വാഗ്‌ദാനം നൽകിയായിരുന്നു പീഡനം. വേടൻ എന്ന ഹിരൺ ദാസ് മുരളി സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നു. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചു. പല തവണയായി വേടൻ 31,000 രൂപ വാങ്ങി. കൂടാതെ 8,500 രൂപയുടെ ട്രെയിൻ ടിക്കറ്റും എടുത്തു നൽകിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. സാമ്പത്തിക ഇടപാടിന്റെ തെളിവുകളും യുവതി പൊലീസിന് കൈമാറി.
2021ലാണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്. വേടന്റെ പാട്ടുകളും മറ്റും ഇഷ്ടപ്പെട്ടതോടെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടെന്നും തുടർന്ന് ഫോൺ നമ്പർ കൈമാറി എന്നും പരാതിയിൽ പറയുന്നു. പിന്നീടൊരിക്കൽ വേടന്‍ കോഴിക്കോട് വന്ന് തന്നെ കാണുകയും താൻ വാടകയ്ക്കെടുത്തിരിക്കുന്ന ഫ്ലാറ്റിൽ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് വേടൻ പലപ്പോഴും കോഴിക്കോട് എത്തിയിരുന്നുവെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ, വിവാഹം കഴിക്കുന്ന കാര്യം വേടൻ സൂചിപ്പിച്ചിരുന്നു. തനിക്ക് കൊച്ചിയിൽ ജോലി കിട്ടി എത്തിയപ്പോൾ താമസിച്ചിടത്തും വേടന്‍ എത്തിയിരുന്നു. വിവാഹക്കാര്യങ്ങൾ ഈ ഘട്ടത്തിൽ സംസാരിച്ചതായാണ് യുവതി പറയുന്നത്.
കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചും എലൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ വച്ചും പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.
2023 ആയപ്പോഴേക്കും വേടൻ താനുമായി അകലാൻ തുടങ്ങി. തങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് വേടന്റെ സുഹൃത്തുക്കൾക്കും അറിയാം. പിന്നീട് 2023ലാണ് താൻ ‘ടോക്സിക്കും പൊസസീവു’മാണെന്നും ബന്ധം തുടരാൻ കഴിയില്ലെന്നും വേടൻ പറഞ്ഞതായി പരാതിയിലുള്ളത്. വേടന്‍ ഇത്തരത്തിൽ പെരുമാറിയതോടെ മാനസികമായി തകർന്നു പോയെന്നും വിഷാദരോഗം പിടിപെട്ടു ചികിത്സ തേടേണ്ടി വന്നു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. പിന്നീട് ഫോണെടുക്കാൻ തയ്യാറായില്ല. അടുത്തിടെ കണ്ട വേടന്റെ ഇന്റര്‍വ്യൂവിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടു. തന്നെ വേടൻ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് വരാൻ തയ്യാറായതെന്നും യുവതി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.