11 March 2026, Wednesday

Related news

March 11, 2026
March 11, 2026
March 9, 2026
March 8, 2026
March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026

അധ്യാപികയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭർത്താവ് അറിസ്റ്റില്‍

Janayugom Webdesk
മുംബൈ
March 11, 2026 5:07 pm

മഹാരാഷ്ട്രയില്‍ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത അധ്യാപിക കാറിടിച്ചു മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബുൽദാനയിലാണ് സംഭവം. അന്വേഷണത്തിനൊടുവിൽ അധ്യാപികയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. ഭർത്താവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി. മാർച്ച് രണ്ടിനാണ് കേസിന് ആസ്പതമാക്കിയ സംഭവമുണ്ടായത്. സ്‌കൂൾ അധ്യാപികയായ വൃഷാലി പ്രകാശ് തന്റെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃഷാലി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആദ്യഘട്ടത്തിൽ സാധാരണ വാഹനാപകടമെന്ന് കരുതിയ കേസിൽ, അധ്യാപികയുടെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് വഴിത്തിരിവായത്. മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ഒരു വാഹനം കണ്ടെത്തിയത്. തുടർന്ന് ഈ വാഹനവും അതിന്റെ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഡ്രൈവർ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. അധ്യാപികയെ ബോധപൂർവ്വം ഇടിച്ചുതെറിപ്പിക്കാൻ ഭർത്താവും സുഹൃത്തും ചേർന്ന് തനിക്ക് ഒരു ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതായി ഡ്രൈവർ സമ്മതിച്ചു. ഇതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിന്നാലെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപികയുടെ ഭർത്താവായ പ്രകാശ് ഗവാണ്ടെയ്ക്കും മറ്റു രണ്ട് പേർക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തുടർന്ന് ഭർത്താവിനെയും മറ്റുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 11 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കൊലപാതകത്തിനായി ഡ്രൈവർക്ക് പ്രതിഫലമായി നൽകിയ പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിന് മാസങ്ങൾക്ക് മുമ്പ്, ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയായെന്ന് ആരോപിച്ച് അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഈ തർക്കത്തെത്തുടർന്ന് ദമ്പതികൾ കുറച്ചുകാലം വേർപിരിഞ്ഞാണ് താമസിക്കുകയായിരുന്നു. എന്നാൽ പിന്നീട് ബന്ധുക്കൾ ഇടപെട്ട് ഇവർക്കിടയിൽ അനുരഞ്ജന ചർച്ചകൾ നടത്തുകയും വീണ്ടും ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.