
ഭാര്യയും ഭർത്താവും ചേർന്ന് യുവാവിനെ സൗഹൃദത്തിലാക്കി വീട്ടിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് മർദിച്ചശേഷം പണവും ബുള്ളറ്റ് ബൈക്കും കൈക്കലാക്കിയ സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. കടയ്ക്കലിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം നേമം ചാനൽകര വീട്ടിൽ ഗിരി (35) ആണ് പൊലീസ് പിടിയിലായത്. ഗിരിയുടെ ഭാര്യ അജിത ഒളിവിലാണ്.
അറസ്റ്റിലായ ഗിരിയും ഭാര്യ അജിതയും ചേർന്ന് നടത്തിയ ഗൂഢാലോചനയിൽ അജിതയുടെ അകന്ന ബന്ധു കൂടിയായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി മനോജിനെ സമൂഹ മാധ്യമം വഴിയും ഫോണിലൂടെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കിയത്. അതിനുശേഷം അജിത മനോജിനോട് പണം കടം ആവശ്യപ്പെട്ടു. കടമായി ചോദിച്ച 5000 രൂപ നൽകാനായി മനോജിനെ കഴിഞ്ഞ ഒക്ടോബർ 21ന് അജിതയും ഭർത്താവും താമസിക്കുന്ന കടയ്ക്കൽ ആനപ്പാറയിലെ വീട്ടിലേക്ക് രാത്രി വിളിച്ചുവരുത്തി.
ഏറ്റുമാനൂരിൽ നിന്ന് ബൈക്കിൽ വീട്ടിലെത്തിയ മനോജിനെ ഭാര്യയും ഭർത്താവും ചേർന്ന് മുറിയിൽ പൂട്ടിയിടുകയും കൈകൾ ബന്ധിച്ച് മർദിച്ചശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന 5000 രൂപ കൈക്കലാക്കുകയും ചെയ്തു. മനോജിനെ വിടായി മനോജിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കൂടി ഗൂഗിൾ പേ വഴി പ്രതികൾ സ്വന്തമാക്കി. മനോജ് ഓടിച്ചുകൊണ്ടുവന്ന ഒന്നേകാൽ ലക്ഷത്തോളം വില വരുന്ന ബുള്ളറ്റ് ബൈക്കും പ്രതികൾ കൈക്കലാക്കി. ഇതിനിടയിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ട മനോജ് കടക്കൽ പൊലീസിൽ പരാതി നൽകുക. പിന്നാലെ പൊലീസ് കേസെടുത്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഇവർ തിരുവനന്തപുരം നേമത്തെ വാടകവീട്ടിൽ ഒളിച്ചുതാമസിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ എസ് എച്ച് ഒ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേമത്തെ വാടകവീട് വളഞ്ഞു ഗിരിയെ പിടികൂടി. ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് കണ്ടെടുത്തു. തീവെപ്പ്, തട്ടിക്കൊണ്ടുപോകൽ, വധശ്രമം ഉൾപ്പടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഗിരി. പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.