22 January 2026, Thursday

Related news

January 13, 2026
January 2, 2026
January 1, 2026
December 27, 2025
December 26, 2025
December 23, 2025
December 21, 2025
December 19, 2025
December 1, 2025
December 1, 2025

വയറ്റില്‍ മാലിന്യം തുന്നികെട്ടിയ സംഭവം; രോഗി ആശുപത്രി വിട്ടത് സുഖം പ്രാപിച്ചതിനു ശേഷമെന്ന് ആശുപത്രി അധികൃതർ

Janayugom Webdesk
ഹരിപ്പാട്
August 31, 2024 10:51 am

താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വയറ്റിൽ രക്തം അടിഞ്ഞുകൂടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ഗവ.ആശുപത്രിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെണ്ണുക്കര ആലാ സ്വദേശിനിയ്ക്കാണ് പ്രസവത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ മാതാവ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്‌ ജെയിൻ ജേക്കബിനെതിരെ ഹരിപ്പാട് പൊലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ പറയുന്നത്- ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ സിസേറിയൻ ഓപ്പറേഷനുകളും സ്വാഭാവിക പ്രസവങ്ങളും നടക്കുന്നത് ഹരിപ്പാട് ഗവ. ആശുപത്രിയിലാണ്. ജൂലൈ 27 രാത്രി 12.28 ന് പ്രസവ വേദനയെ തുടർന്നാണ് അജീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും രോഗിയെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. പുലർച്ചെ 5.30 ന് രോഗിയെ വീണ്ടും പരിശോധിക്കുകയും രോഗിയുടെ പൾസും ബ്ലഡ് പ്രഷറും നോർമലാണെന്നും, കുഞ്ഞിൻ്റെ ഹൃദയത്തുടിപ്പും സാധാരണ പോലെയാണെന്നും ഉറപ്പുവരുത്തി. 

അസഹനീയമായ വേദന തുടരുന്നതിനാലും സുഖപ്രസവം ഉടനെ നടക്കുകയില്ലെന്നും മനസ്സിലാക്കി രോഗിയുടേയും ബന്ധുക്കളുടെയും അനുമതിയോടെ അടിയന്തരമായി സിസേറിയൻ ചെയ്യാൻ തീരുമാനമെടുക്കുകയും പുറമേ നിന്ന് അനസ്തേഷ്യോളജിസ്റ്റിനെ വരുത്തി രാവിലെ 6: 30 ഓടെ സിസേറിയൻ നടത്തി. ഇതിന് ശേഷം മൂന്നാം ദിവസമാണ് അനീഷയുടെ വയർ അല്പം വീർത്തു വരുന്നതായി ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ ഹിമോഗ്ലോബിൻ അളവ് കുറവായതിനാൽ രക്തം നൽകി. അടുത്ത ദിവസത്തെ പരിശോധനയിലും ഹിമോഗ്ലോബിൻ അളവ് കുറവ് ആയിരുന്നതിനാൽ ഉടൻ തന്നെ സ്കാനിംഗ് നടത്തി. വയറിന് അടിയിലായി രക്തം കട്ടപിടിച്ചിരിക്കുന്നതായി (ഹെമറ്റോമ ) കാണപ്പെട്ടു. സിസേറിയൻ നടക്കുന്ന കേസുകളിൽ 2–5 ശതമാനം വരെ വരാൻ സാധ്യതയുള്ളതാണിത്. തുടർ ചികിത്സ ആവശ്യമായതിനാലും സിസേറിയൻ നടത്തിയ ആശുപത്രിയിൽ വീണ്ടും അതേ രോഗിക്ക് ഓപ്പറേഷൻ നടത്താൻ പാടില്ലാത്തതിനാലും ജൂലൈ 27 ന് വൈകിട്ട് 3 മണിയോടെ ആശുപത്രിയുടെ ആംബുലൻസിൽ സ്റ്റാഫിനേയും കൂട്ടി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്നും ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷണം നടത്തിയിരുന്നു. 

രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. തുടർചികിത്സയിൽ ഹേമറ്റോമ (രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥ) കുറയാതിരുന്നതിനാൽ ആഗസ്റ്റ് 6 ന് മെഡിക്കൽ കോേളേജ് ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി കട്ടപിടിച്ചു കിടന്ന രക്തം നീക്കം ചെയ്യുകയും , രോഗി സുഖം പ്രാപിച്ച് വിടുതൽ വാങ്ങി പോയിട്ടുള്ളതുമാണ്. വയറ്റിൽ പഞ്ഞി വെച്ചു, പഴകിയ തുണി വെച്ചു എന്നുള്ള ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണ്. സത്യാവസ്ഥ ഇങ്ങിനെയാണെന്നിരിക്കേ മാതൃ ശിശു സൗഹൃദ സർക്കാർ ആശുപത്രിയ്ക്കെതിരേ നടത്തുന്ന കുപ്രചരണങ്ങൾ ദുഷ്ടലാക്കോടുകൂടിയുള്ളതാണ്. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ശീതീകരിച്ച ഓപ്പറേഷൻ തീയറ്ററുമുള്ള ആശുപത്രിയാണിത്. മുൻവിധിയോടെ നടത്തുന്ന കുപ്രചരണങ്ങൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടറന്മാരുടെയും ജീവനക്കാരുടേയും ആത്മവിശ്വാസം തകർക്കുവാനേ ഉപകരിക്കുകയുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ശിവൻ,ആർ.എം.ഒ ഡോ.ശരത്, ഗൈനക്കോളജിസ്റ്റുകളായ ഡോ.ജയിൻ ജേക്കബ്, ഡോ.രഹ്ന, ലേസെക്രട്ടറി ഹാരിസ്, നഴ്സിംഗ് സൂപ്രണ്ട് ഉഷാദേവി, എച്ച്.ഐ.സി സിന്ധു . ആർ. നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.