മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും രണ്ട് ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍ എന്ന പരിഗണന ശ്രീക്കുട്ടി അര്‍ഹിക്കുന്നില്ലെന്നും ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ ശ്രീക്കുട്ടിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ശ്രീക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് അജ്മല്‍ വാഹനം മുന്നോട്ട് എടുത്തതെന്നും പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ശ്രീക്കുട്ടിയെ കസ്റ്റഡിയില്‍ വിട്ടതെന്തിനാണെന്നും ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീക്കുട്ടിയെ പ്രതിയാക്കിയതെന്നും എംഡിഎംഎ ഉപയോഗിച്ചതിന് എന്ത് തെളിവാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. എന്തിനാണ് താമസസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് അഭീഷ് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീക്കുട്ടിയുടെ അമ്മ സുരഭി ഈ ആരോപണങ്ങല്‍ നിഷേധിച്ചിരുന്നു. മകള്‍ ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവ് അഭീഷിന്റെയും കേസില്‍ പ്രതിയായ അജ്മലിന്റെയും കെണിയാണിതെന്നും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. എംബിബിഎസ് പഠനത്തിന് പോയതോടെയാണ് ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായതെന്നും ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം മാതാപിതാക്കളാണെന്നും ഭര്‍ത്താവ് അഭീഷ് പറഞ്ഞിരുന്നു. ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തന്റെ കൈവശം ചില തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഭര്‍ത്താവ് അഭീഷ് രാജിന്റെ പ്രതികരണം. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.