കെഎസ്ആർടിസി ബസിനെ മറികടക്കാൻ എത്തിയ ബൈക്ക് യാത്രികരെ ബസ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവറെ സർവീസിൽ നിന്നും നീക്കം ചെയ്തു. പീച്ചി സ്വദേശിയും വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറുമായ സി എൽ ഔസേപ്പിനെ(55) യാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. കുഴൽമന്ദത്ത് 2022 ഫെബ്രുവരി ഏഴിനായിരുന്നു അപകടം. പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സബിത്ത് എന്നിവര്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ബസ് തട്ടി ലോറിക്കടിയിൽപ്പെട്ട് ഇരുവരും മരിച്ചത്.
രണ്ടുദിവസം കഴിഞ്ഞ് പുറത്തുവന്ന സിസിടിവി ദൃശ്യത്തിലാണ് കുഴൽമന്ദം വെള്ളപ്പാറയിൽ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ ബസ് അപകടം ഡ്രൈവർ മനഃപൂർവം ചെയ്തതാണെന്ന് വ്യക്തമായത്. തൃശൂർ റൂട്ടിൽ സഞ്ചരിച്ച ബസിനെ രണ്ടുതവണ യുവാക്കൾ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതിന്റെ വിരോധമാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമായിരുന്നു. യാത്രികരെ ഇറക്കി ഇടതുവശത്തെ ട്രാക്കിലൂടെ പോയിരുന്ന ബസ് ബൈക്ക് യാത്രികർ വരുന്നതു കണ്ട് പെട്ടെന്ന് മധ്യഭാഗത്തെ ട്രാക്കിലേക്ക് കയറ്റി യുവാക്കളുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്കു വീണ ഇരുവരും തൽക്ഷണം മരിച്ചു.
അപകടത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കൃത്യവിലോപം കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കിയതായും അന്വേഷണ കമ്മിഷൻ വിലയിരുത്തി. ഇതിനു മുമ്പും ഇയാൾ പലതവണ ഇത്തരത്തിൽ ഇരുചക്രവാഹന ഉടമകളോട് പെരുമാറിയിട്ടുണ്ടെന്നും കണ്ടെത്തി. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു.
ഡ്രൈവർ ഔസേപ്പ് മനഃപൂർവം അപകടമുണ്ടാക്കിയെന്ന ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നടത്തിയ വിശദമായ അന്വേഷണത്തിലാണ് വീഴ്ച വ്യക്തമായത്. ഡ്രൈവർ ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ രണ്ടു യുവാക്കളുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പൊതുനന്മയും കെഎസ്ആർടിസിയുടെ താല്പര്യവും മുൻനിർത്തിയാണ് പിരിച്ചുവിടലെന്നും ഉത്തരവിൽ പറയുന്നു.യുവാക്കളുടെ ജീവനെടുത്ത ഔസേപ്പിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11ന് സിപിഐ കുഴൽമന്ദം മണ്ഡലം കമ്മിറ്റി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതു്.
English Summary; The incident where bikers were hit and killed; KSRTC dismissed the driver
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.