ന്യൂഡല്‍ഹി
May 8, 2025 10:58 am
വീടിനുള്ളിലെ സ്റ്റോര്‍ റൂമില്‍ നിന്ന് പണം നിറച്ച ചാക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ നടപടികള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 14ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ഉണ്ടായ തീപിടുത്തത്തിനിടെ പണം കണ്ടെത്തിയ സംഭവത്തില്‍ മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും നിലവിലെ അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായ യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ശരിവച്ച് സുപ്രീം കോടതി നിയമിച്ച മൂന്നംഗ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അന്വേഷണ സമിതി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ യശ്വന്ത് വര്‍മ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ഈ മാസം ആദ്യം ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തീപിടുത്തമുണ്ടായ സമയത്ത് വര്‍മ്മയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വന്‍തോതില്‍ പണശേഖരം കണ്ടെത്തിയെന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ സമിതിക്ക് ലഭിച്ചതായാണ് വിവരം.
സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വര്‍മ്മയെ മാര്‍ച്ച് 28ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവിടെ ഒരു ജുഡീഷ്യല്‍ ചുമതലയും നല്‍കിയിരുന്നില്ല. ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് ഖന്നയാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. നേരത്തേ യശ്വന്ത് വര്‍മ്മ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ജസ്റ്റിസ് ഖന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.