
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷം. വിഷയം പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസുകള്‍ക്ക് അനുമതി നിഷേധിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇടതുപക്ഷ എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ പ്രീണന നയം തുടരുന്ന ബിജെപി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ വിഭാഗത്തെ വേട്ടയാടുകയാണെന്ന് ഇടതുപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് വിശ്വാസ സമൂഹത്തിലെ അംഗങ്ങളായ മലയാളി സിസ്റ്റര്‍മാരായ വന്ദന ഫ്രാന്‍സീസ്, മേരി പ്രീതി എന്നിവരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഒഴിഞ്ഞുമാറി.
സിസ്റ്റർ പ്രീതി സിസ്റ്റർ വന്ദന എന്നിവരെ ഒന്നും രണ്ടും പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്തും സംശയിക്കുന്നതായും എഫ്ഐആറിൽ പറയുന്നു.
ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി വാഴ്ചയിൻകീഴിൽ ക്രിസ്തീയ സമൂഹമടക്കമുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതര വെല്ലുവിളികളാണ് ഛത്തീസ്ഗഢിൽ മറനീക്കി പുറത്തുവന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ബജ്റംഗ്ദള്‍ ആർഎസ്എസ് കുടുംബാംഗവും ബിജെപിയുടെ ആശയ മച്ചുനനും ആണ്. രാജ്യത്ത് ആകെ ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ് നടത്തുന്ന ക്രിസ്തീയ വിരുദ്ധ ആക്രമണ പരമ്പരയിൽ ചിലതുമാത്രമാണ് പുറംലോകം അറിഞ്ഞത്. കള്ളക്കേസിൽ കുടുക്കപ്പെട്ട് തടവറയിൽ കുടിവെള്ളം പോലും കിട്ടാതെ മരിക്കേണ്ടിവന്ന സ്റ്റാൻസ്വാമി ബിജെപി എടുത്തണിയുന്ന കപട ക്രിസ്തീയ സ്നേഹത്തിന്റെ തനി നിറം വിളിച്ചറിയിച്ചുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.
ഇതെല്ലാം സംഭവിക്കുമ്പോഴും ക്രിസ്തീയ പുരോഹിതന്മാരിൽ ഒരു വിഭാഗം ബിജെപിയോട് പുലർത്തുന്ന വിധേയത്വം ന്യൂനപക്ഷങ്ങളെ ആകെ അമ്പരപ്പിക്കുന്നതാണ്. ക്രിസ്ത്യൻ — മുസ്ലിം വൈരം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന്റെ കൈക്കാരന്മാരാകുന്ന അപൂർവം ബിഷപ്പുമാർ യഥാർത്ഥ ക്രിസ്തു ശിഷ്യന്മാരാണോ എന്ന് വിശ്വാസ സമൂഹം ചോദിക്കാതിരിക്കില്ല. പിലാത്തോസിന്റെ ശിഷ്യന്മാരെ പോലെ പ്രവർത്തിക്കുന്ന അക്കൂട്ടർ ‘നസ്രേത്തിൽനിന്നും നന്മ’ പ്രതീക്ഷിക്കുന്നവരാണ്. അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കറിയാമെങ്കിൽ അവരോട് പൊറുക്കരുത് എന്നായിരിക്കും മതവിശ്വാസികൾ പ്രാർത്ഥിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ ആരാധനാ അവകാശങ്ങൾ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്കൊപ്പം പ്രതിജ്ഞാബദ്ധമായി നിലകൊള്ളുമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.