സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദം ഉന്നയിക്കേണ്ടതില്ലെന്നും സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് പ്രതിപക്ഷത്ത് തുടരാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ജനവിധി മോഡി വിരുദ്ധമെന്ന് യോഗം വിലയിരുത്തി. 400 സീറ്റുകള്‍ക്ക് അപ്പുറം വിജയമെന്ന അവകാശവാദത്തെ ചെറുക്കാന്‍ ഇന്ത്യ സഖ്യത്തിന് സാധിച്ചുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. യോഗത്തില്‍ നേതാക്കള്‍ പങ്കുവച്ച പൊതുവികാരവും ഇതായിരുന്നു. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷി പിന്തുണയോടെ അധികാരത്തിലേറുന്ന മൂന്നാം മോഡി സര്‍ക്കാരിനുമേല്‍ കൂട്ടായി ചെലുത്തേണ്ട സമ്മര്‍ദങ്ങളുടെ വിഷയ പട്ടിക തയ്യാറാക്കാനും യോഗത്തില്‍ ധാരണയായി.
സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കനത്ത പ്രതിരോധം തീര്‍ക്കുക, സര്‍ക്കാര്‍ നയരൂപീകരണത്തിലെ പൊള്ളത്തരങ്ങള്‍ സഭയില്‍ ഉയര്‍ത്തുന്നതിനൊപ്പം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക, ബിജെപി പ്രകടനപത്രികയെ വെല്ലുവിളിച്ചു നടത്തുന്ന സഭയിലെ തുടര്‍നീക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. സഖ്യകക്ഷി പിന്തുണയോടെ അധികാരത്തിലേറുന്ന മോഡിയുടെ മൂന്നാം സര്‍ക്കാര്‍ അസ്ഥിരമായിരിക്കുമെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. അതിന് പാകത്തിനുള്ള പ്രതിപക്ഷ ഐക്യം ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും സര്‍വതും മറന്ന് ഒരുമിക്കണമെന്ന സന്ദേശമാണ് യോഗത്തിലുയര്‍ന്നത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ ഇടതു നേതാക്കളും അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, തേജസ്വി യാദവ്, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്താന്‍ ഇന്ത്യ സഖ്യയോഗത്തില്‍ ഏകദേശ ധാരണ. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ എന്ന നിലയിലാണ് രാഹുലിനെ ലോക്‌സഭാ പ്രതിപക്ഷ നേതാവായി നിര്‍ദേശിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
കുതിരക്കച്ചവടത്തിലൂടെ കേന്ദ്ര ഭരണം കയ്യടക്കാനുള്ള നീക്കങ്ങള്‍ നടത്തേണ്ടതില്ലെന്ന പൊതുവികാരം യോഗത്തില്‍ ഉയര്‍ന്നു.
ബിജെപിയുടെ തുടര്‍ഭരണത്തിന് പിന്തുണ ഉറപ്പു നല്‍കിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ഇന്ത്യ മുന്നണി രൂപീകരണത്തിന്റെ ആരംഭക്കാരനായി നിന്ന് എന്‍ഡിഎയിലേക്ക് കളംമാറിയ ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്നിവരുമായി ആശയ വിനിമയവും യോഗത്തില്‍ ചര്‍ച്ചയായി.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘം. ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ തീരുമാനമെടുത്തത്. നാളെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുക. മൂന്നാം മോഡി സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണയുണ്ടെന്ന് രാഷ്ട്രപതിയെ ബോധിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
240 സീറ്റുകളിലേക്ക് ഒതുങ്ങിയ ബിജെപിക്ക് ടിഡിപിയുടെ 16, ജെഡിയുവിന്റെ 12 സീറ്റുകളുടെ പിന്തുണ നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ബിജെപി ചടുലമാക്കിയത് വീണ്ടും അധികാരത്തിലേറാന്‍ കഴിയുമോ എന്ന ആശങ്ക പാര്‍ട്ടിയെ അലട്ടുകയാണെന്നതിന് തെളിവായി. ബിഹാര്‍, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയിലൂടെ തങ്ങളുടെ പ്രാദേശിക പ്രാമുഖ്യം ഉറപ്പിക്കല്‍, കേന്ദ്ര മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങളാണ് നായിഡുവും നിതീഷും ഉയര്‍ത്തിയതെന്നാണ് വിവരങ്ങള്‍.
ബിജെപി മേല്‍ക്കോയ്മ തങ്ങളുടെ കരങ്ങളിലേക്ക് ചുരുക്കുന്ന നിര്‍ദേശങ്ങളും ഇരു പാര്‍ട്ടികളും യോഗത്തില്‍ ഉയര്‍ത്തിയെന്നും വാര്‍ത്തകളുണ്ട്. എന്തായാലും മൂന്നാം മോഡി സര്‍ക്കാരിന്റെ തുടര്‍ ഭരണം സുഗമമായി മുന്നേറില്ലെന്നാണ് വിലയിരുത്തല്‍. ഇന്നലെ രാവിലെ ചേര്‍ന്ന അവസാന മന്ത്രിസഭാ യോഗം ലോക്‌സഭ പിരിച്ചു വിടാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതിയെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കി. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുംവരെ സ്ഥാനത്ത് തുടരാന്‍ മോഡിക്ക് രാഷ്ട്രപതി നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് മുന്നണി ഭരണം താന്‍പോരിമ കാട്ടാന്‍ അവസരമൊരുക്കില്ല എന്നത് വന്‍ വെല്ലുവിളിയാകും.
English Summary: The India alliance is now a solid opposition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.