
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം നിലവില്‍ വരുന്നതിന് മുമ്പ് മൂന്ന് ഘട്ട വ്യാപാര കരാറില്‍ ഒപ്പുവയ്ക്കാനുള്ള നീക്കം ഊര്‍ജിതമാക്കി ഇന്ത്യ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ നിലവില്‍ വരുന്നതിന് മുമ്പ് ജുലൈയില്‍ പ്രാരംഭകരാര്‍ ഒപ്പിടുമെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ട്രംപ് ഭരണകൂടം ഒരു വ്യാപാര കരാറിനായി മൂന്ന് ഘട്ടങ്ങളുള്ള പ്രക്രിയയ്ക്ക് സമ്മതിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നാല് ദിവസത്തെ യുഎസ് സന്ദര്‍ശനം നടത്തുന്ന വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായി പ്രാഥമിക ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്കുശേഷം ഗോയല്‍ ഇരുവരുടെയും ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യ‑യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം വേഗത്തിലാക്കാന്‍ ലുട്നിക്കുമായി നല്ല ചര്‍ച്ചകള്‍ നടന്നുവെന്ന് ഗോയല്‍ പറഞ്ഞു. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണി പ്രവേശനം, ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഗുണനിലവാര നിയന്ത്രണ ആവശ്യകതകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ പ്രാരംഭ കരാറില്‍ ഉള്‍പ്പെടും.
രണ്ടാം ഘട്ട കരാര്‍ കൂടുതല്‍ വിശദവും സമഗ്രവുമാകും. ഏപ്രിലില്‍ ഇരുപക്ഷവും അംഗീകരിച്ച ടേംസ് ഓഫ് റഫറന്‍സില്‍ വിവരിച്ച 19 മേഖലകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയിലെത്തുന്ന ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രണ്ടാംഘട്ട കരാറിന് അന്തിമ രൂപം നല്‍കും. മൂന്നാം ഘട്ടത്തില്‍ സമ്പൂര്‍ണ കരാര്‍ രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യ. ഇതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമായ സ്ഥിതിക്ക് അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറയുന്നു.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു. യുഎസുമായി വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ച ആദ്യരാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു. എന്നാല്‍ ഉഭയകക്ഷി വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ അമേരിക്ക തിടുക്കം കാട്ടുന്നില്ലെന്നും ബ്ലുംബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. ഏതാനും ദിവസം മുമ്പ് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്കുള്ള എല്ലാ തീരുവകളും ഇല്ലാതാക്കാന്‍ ന്യൂഡല്‍ഹി തയ്യാറണെന്ന് അറിയിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.