
വിമാന യാത്രാ സമയം സംബന്ധിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പുതിയ മാനദണ്ഡങ്ങൾ (എഫ്ഡിടിഎല്‍) പാലിക്കുന്നതിൽ ഇൻഡിഗോ വിമാനക്കമ്പനിക്ക് കനത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് സൂചന. അടുത്ത വർഷം ഫെബ്രുവരി 10-നകം പുതിയ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാനുള്ള സാധ്യത കുറവാണെന്നും, നിലവിലെ പ്രതിസന്ധി ഉടൻ അവസാനിക്കാൻ സാധ്യതയില്ലെന്നും വ്യോമയാന വിദഗ്ദ്ധർ വിലയിരുത്തുന്നു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, അടുത്ത മാർച്ച് 28 വരെ ഇൻഡിഗോയുടെ വിമാന സർവീസുകളിൽ 10% കുറവ് വരുത്താൻ ഡിജിസിഎ. കർശന നിർദേശം നൽകിയിട്ടുണ്ട്. പുതിയ എഫ്ഡിടിഎല്‍ മാനദണ്ഡങ്ങൾ കർശനമാക്കിയ ഡിസംബർ ഒന്നു മുതൽ ഇൻഡിഗോ ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. ഡിസംബർ 12 വരെ 5,000‑ത്തിലധികം വിമാനങ്ങളാണ് കമ്പനി റദ്ദാക്കിയത്.
പൈലറ്റുമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ നിർബന്ധിത അവധി, തുടർച്ചയായ രണ്ട് രാത്രികളിൽ വിമാനം നിലത്തിറക്കൽ എന്നിവ നിർബന്ധമാക്കുന്നതാണ് പുതിയ എഫ്ഡിടിഎല്‍ മാനദണ്ഡങ്ങൾ. സുരക്ഷ ഉറപ്പാക്കുന്നതിനായി പൈലറ്റുമാർക്ക് മതിയായ വിശ്രമം നൽകാനാണ് ഈ പരിഷ്കാരം. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങൾ ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ വരും മുൻപ് അവ പാലിക്കാൻ തയ്യാറാണെന്ന് ഇൻഡിഗോ നവംബറിൽ ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, കമ്പനി ഇത് പാലിച്ചില്ല. നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് അറിയാമായിരുന്നിട്ടും കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി ഒരു പുതിയ പൈലറ്റിനെ പോലും നിയമിച്ചില്ല എന്നതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. മറ്റ് വിമാനക്കമ്പനികൾ നിയമനങ്ങൾ നടത്തിയതിനാൽ അവർക്ക് ഈ പ്രതിസന്ധി നേരിടേണ്ടിവന്നില്ല.
നിലവിൽ ഇൻഡിഗോയ്ക്ക് 161 പൈലറ്റുമാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ. ആകെ 4,712 പൈലറ്റുമാർ ആവശ്യമുള്ളപ്പോൾ 4,551 പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഫെബ്രുവരി 10-നകം 158 പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിരിക്കുന്നത്. 2026 ഡിസംബറോടെ 50 വിദേശ പൈലറ്റുമാർ ഉൾപ്പെടെ 742 പൈലറ്റുമാരെ കൂടി നിയമിക്കുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ ഈ വാഗ്ദാനങ്ങൾ വ്യോമയാന വിശകലന വിദഗ്ദ്ധർ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
2025 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് പ്രകാരം ഇന്‍ഡിഗോയ്ക്ക് 434 വിമാനങ്ങളാണുള്ളത്. ഇവയ്ക്ക് എഫ്ഡിടിഎല്‍ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആവശ്യമായ പൈലറ്റുമാരെ നിയമിക്കാൻ ഒരു വർഷമോ അതിലധികമോ സമയമെടുത്തേക്കാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കുന്നതിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിലും ഇൻഡിഗോയുടെ അടുത്ത നീക്കങ്ങൾ നിർണായകമാണെന്നും അവര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.