19 January 2026, Monday

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

റാപ്പിഡ് റാണി‘യായി ഇവാ ക്രിസ്റ്റിൻസണും റാപ്പിഡ്‍ രാജ’ കിരീടം ചൂടി അമിത് താപ്പയും
Janayugom Webdesk
കോടഞ്ചേരി (കോഴിക്കോട്)
August 6, 2023 10:00 pm

കുത്തിയൊഴുകുന്ന പുഴയോട് പോരാടി അമേരിക്കക്കാരി ഇവാ ക്രിസ്റ്റിൻസൺ (20) അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ റാപിഡ് റാണിയായി. ഉത്തരാഖണ്ഡിൽ നിന്നുള്ള 23 കാരൻ അമിത് താപ്പയാണ് ‘റാപ്പിഡ് രാജ’. ഇരുപതുകാരിയായ ഇവാ ക്രിസ്റ്റിൻസൺ അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയാണ്. പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ വിജയിക്കാൻ കഴിഞ്ഞു എന്നത് ഇവയുടെ കരിയറിലെ പൊൻതൂവലായി.
കയാക്കിങ് ചാമ്പ്യൻഷിപ്പിലെ സ്ലാലോം, ബോട്ടർ ക്രോസ്സ്, ഡൗൺ റിവർ സൂപ്പർ ഫൈനൽ എന്നിവയിലെ ഒന്നാം സ്ഥാനമാണ് ഇവാ ക്രിസ്റ്റിൻസണെയും അമിത് താപ്പയെയും ചാമ്പ്യൻഷിപ്പിന്റെ വിജയികളാക്കിയത്. 

ആവ ക്രിസ്റ്റിൻസൺ (യു എസ് എ), ആനി ഹോഡ്ജൻ(യു എസ് എ), മൈക്ക് ക്രുത്യൻസ്കി (ഇസ്രായേൽ), ഹെയ്ഡി വാൽഷ് (യുകെ), ഡി വെറ്റ് മിച്ചൗ (ദക്ഷിണാഫ്രിക്ക) എന്നീ കയാക്കാർമാർ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഒമ്പതാമത് അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾക്കായി കോടഞ്ചേരിയിലെത്തിയിരുന്നു. വിദേശികളെ കൂടാതെ നിരവധി ഇന്ത്യൻ കയാക്കിങ് താരങ്ങളും വിവിധ മത്സരങ്ങളിലായി സമ്മാനങ്ങൾ വാരിക്കൂട്ടി.
കയാക്കിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. 

വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനൊപ്പം 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള സെലക്ഷൻ ട്രയൽ കൂടി ആദ്യമായി കേരളത്തിൽ നടന്നു എന്നതും നേട്ടമാണ്. ചെറിയ കയാക്കിങ് യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം ടൂറിസം വകുപ്പ് പരിഗണിക്കും. പത്തനംതിട്ട ജില്ലയിൽ കോന്നിയിലെ സീതത്തോട് 2024ൽ കയാക്കിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. കലാലയങ്ങളിലെ ടൂറിസം ക്ലബ് അംഗങ്ങളെ കേരളത്തിന്റെ ടൂറിസത്തിന്റെ പ്രചാരകരായും സംഘാടകരായും മാറ്റിത്തീർക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കയാക്കിങ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry; The Inter­na­tion­al White Water Kayak­ing Cham­pi­onship has concluded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.